കാനഡയിൽനിന്നെത്തിയ തപാൽ പാഴ്‌സലിൽ കണ്ടെത്തിയത് 323 ഗ്രാം; കേസുമായി ബന്ധപ്പെട്ട ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി: കുട്ടികളുടെ കസേരയ്ക്കുള്ളിൽ ഒളിപ്പിച്ച് കാനഡയിൽനിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ‘കെമിക്കൽ’ മയക്കുമരുന്നിൽ മുക്കിയ 50 പേപ്പറുകളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ ഭാരം ഏകദേശം 323 ഗ്രാമാണ്.

വിമാന ചരക്ക് കസ്റ്റംസ് വിഭാഗം തപാൽ പാഴ്‌സലുകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ചരക്ക് വിശദപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കസേരയുടെ ഡ്രോയറിൽ സൂക്ഷിച്ച ബാഗിനുള്ളിലാണ് എ ഫോർ വലുപ്പത്തിലുള്ള പേപ്പറുകൾ കണ്ടെത്തിയത്.

കസ്റ്റംസ് അന്വേഷണ വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ഏകോപിച്ച് നടത്തിയ നടപടിയിൽ കേസുമായി ബന്ധപ്പെട്ട ഒരാളെ പിടികൂടി. തുടർ നിയമനടപടികൾക്കായി കേസ് രേഖപ്പെടുത്തി.

രാജ്യത്തിന്റെ എല്ലാ പ്രവേശനകവാടങ്ങളിലൂടെയുമുള്ള മയക്കുമരുന്ന് കടത്ത് തടയാനുള്ള പരിശോധനകളും ബന്ധപ്പെട്ട ഏജൻസികളുമായുള്ള സഹകരണവും തുടരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.