കുവൈത്ത് സിറ്റി: വ്യത്യസ്ത ലഹരിക്കേസുകളിൽ രണ്ട് ലെബനീസ് പൗരന്മാർക്കും ഒരു ഇന്ത്യൻ പൗരനും കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മറ്റൊരു കേസിൽ സ്വദേശിനിക്ക് ജീവപര്യന്തം തടവും 50,000 ദിനാർ പിഴയും വിധിച്ചു.

ഹഷീഷിന്റെയും മനസ്സിനെ ബാധിക്കുന്ന ലഹരിവസ്തുക്കളുടെയും വ്യാപാരവും ഉപയോഗവുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് ലെബനീസ് പൗരന്മാർക്ക് വധശിക്ഷ ലഭിച്ചത്. ലഹരിവിരുദ്ധ വിഭാഗത്തിന്റെ അന്വേഷണത്തെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.

വിദേശത്തുനിന്നുള്ള ചെരിപ്പുകളുടെ കാർട്ടൺ പാഴ്‌സലിൽ ലഹരിവസ്തു പുരട്ടിയ 100 പേപ്പറുകൾ കടത്താൻ ശ്രമിച്ച കേസിലാണ് ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ചത്. കസ്റ്റംസും ലഹരിവിരുദ്ധ വിഭാഗവും സഹകരിച്ചാണ് പ്രതിയെ പിടികൂടിയത്.

ലഹരിവസ്തു വ്യാപാരം, ഉപയോഗം, ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് സ്വദേശിനിക്ക് ജീവപര്യന്തവും പിഴയും വിധിച്ചത്. ഇവരുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് പിൻവലിക്കാനും കോടതി ഉത്തരവിട്ടു.