കുവൈത്ത് സിറ്റി: സഅദ് അൽ അബ്ദുല്ല സുരക്ഷാ ശാസ്ത്ര അക്കാദമിയിലെ അമ്പതാമത് സ്റ്റുഡന്റ് ഓഫീസർ പരിശീലന ബാച്ചിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ ആഭ്യന്തര മന്ത്രാലയം പരസ്യ നറുക്കെടുപ്പ് നടത്തി. ഹയർ സെക്കൻഡറി യോഗ്യതയുള്ള അപേക്ഷകരിൽനിന്ന് വിവിധ മൂല്യനിർണയ ഘട്ടങ്ങൾ വിജയിച്ച 309 പേരാണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടത്. ഇവരിൽ 200 പേരെ തിരഞ്ഞെടുത്തു. 50 പേരെ വെയിറ്റിങ് പട്ടികയിലും ഉൾപ്പെടുത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹീബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
സുരക്ഷാസേനയിലെ സേവനം ദേശീയ ഉത്തരവാദിത്വമാണെന്നും അച്ചടക്കവും ആത്മാർഥതയും അനിവാര്യമാണെന്നും അൽ വഹീബ് പറഞ്ഞു. പഠനത്തിലും പരിശീലനത്തിലും മികവ് പുലർത്തി രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സജ്ജരാകണമെന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു.