വിദ്യാർഥികളുടെ സ്വകാര്യത സംരക്ഷിക്കണം; കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധനയും പ്രതിദിന നിരീക്ഷണവും നിർബന്ധം

കുവൈത്ത് സിറ്റി: സ്കൂളുകളിലെ പ്രവർത്തനങ്ങളും പെരുമാറ്റരീതികളും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. പണപ്പിരിവ്, സംഭാവന സ്വീകരിക്കൽ, വാണിജ്യപ്രചാരണം, അനുമതിയില്ലാത്ത ചിത്രീകരണം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയ നിർദേശങ്ങളിൽ വിദ്യാർഥികളുടെ സ്വകാര്യതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നു.

അധ്യാപകർ, ഭരണവിഭാഗം ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന് സ്കൂളിനുള്ളിൽ ഏതാവശ്യത്തിനും പണം പിരിക്കുന്നതും പണമായോ സാധനങ്ങളായോ സമ്മാനങ്ങളും സംഭാവനകളും സ്വീകരിക്കുന്നതും നിരോധിച്ചു. വിദ്യാർഥികൾക്കും ജീവനക്കാർക്കും ഉൽപന്നങ്ങളോ സേവനങ്ങളോ വിൽക്കുന്നതും പ്രചരിപ്പിക്കുന്നതും അനുവദിക്കില്ല. ഔദ്യോഗിക പദവിയോ സ്കൂൾ സൗകര്യങ്ങളോ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാനും പാടില്ല.

അംഗീകാരമില്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഭക്ഷണപാനീയങ്ങൾ സ്കൂളുകളിൽ കൊണ്ടുവരുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ട്. കാന്റീനുകളുടെ പ്രവർത്തനവും ഭക്ഷണത്തിന്റെ ഗുണനിലവാരവും ദിവസേന പരിശോധിക്കണം. പ്രധാനാധ്യാപകൻ അംഗീകരിച്ച നിരീക്ഷണരജിസ്റ്ററിൽ ലംഘനങ്ങൾ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. മുന്നറിയിപ്പിനുശേഷവും നിശ്ചിത സമയത്തിനുള്ളിൽ ലംഘനം പരിഹരിക്കാത്ത കരാറുകാർക്കെതിരെ കരാർ റദ്ദാക്കൽ നടപടി സ്വീകരിക്കാം.

മന്ത്രാലയത്തിന് പുറത്തുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ പങ്കെടുപ്പിക്കുന്ന പരിപാടികൾക്കും സ്കൂളിനുള്ളിലെ ചിത്രീകരണത്തിനും ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. എല്ലാ പരിപാടികളും അംഗീകൃത സ്കൂൾ പദ്ധതിയിലെ വ്യക്തമായ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്കനുസരിച്ചായിരിക്കണം.

മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുകയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയോ ചിത്രങ്ങളും വിവരങ്ങളും പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. സ്വകാര്യ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഇവ കൈമാറുന്നതിനും വിദ്യാഭ്യാസ ആവശ്യത്തിന് പുറത്തുപയോഗിക്കുന്നതിനും വിലക്കുണ്ട്.

സ്കൂൾ രേഖകളും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും രഹസ്യവിവരങ്ങളും പുറത്തുവിടരുത്. മന്ത്രാലയത്തിന്റെയോ സ്കൂളിന്റെയോ പേരിൽ പ്രസ്താവനകളും വാർത്തകളും പ്രസിദ്ധീകരിക്കുന്നതിനും ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനും അനുമതി വേണം. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും അധിക്ഷേപകരമായ ഉള്ളടക്കവും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.