കുവൈത്ത് സിറ്റി: വൈദ്യുതി–ജല–പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളിൽ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസിം ഉത്തരവിറക്കി. സാങ്കേതികം, ധനകാര്യം, ഭരണനിർവഹണം, വൈദ്യുതനിലയങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് മാറ്റം.
അഹമ്മദ് അൽ സുമൈരിയെ പുനരുപയോഗ ഊർജ–ഊർജക്ഷമത വിഭാഗം ഡയറക്ടറായും അഹമ്മദ് അൽ ദോസരിയെ വൈദ്യുതനിലയങ്ങളുടെ പരിപാടി ആസൂത്രണ–തുടർനടപടി വിഭാഗം ഡയറക്ടറായും മാറ്റി.
ഫലാഹ് അൽ സുബൈഇയെ വൈദ്യുത പ്രസരണ ശൃംഖലാ വിഭാഗത്തിലെ ആസൂത്രണ–തുടർനടപടി ഡയറക്ടറായി നിയമിച്ചു. നിലവിലെ ചുമതലയ്ക്കൊപ്പം സാങ്കേതിക സേവന–പ്രധാന വർക്ക്ഷോപ്പുകൾ വിഭാഗത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിന് നൽകി.
സംഭരണശാലകൾ, വാങ്ങൽ, അക്കൗണ്ടിങ്, ബജറ്റ്, അറ്റകുറ്റപ്പണി തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ചുമതലകളിലും മാറ്റമുണ്ട്.