തിരുവനന്തപുരം : വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകി സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനം. ദുരന്തബാധിതരായി വാടകവീടുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും കഴിയുന്ന കുടുംബങ്ങൾക്ക് വീട്ടുവാടക അനുവദിക്കുന്നത് 2026 നവംബർ മാസം വരെ ദീർഘിപ്പിച്ചുകൊണ്ട് ദുരന്ത നിവാരണ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി.
2026 ഒക്ടോബർ മാസത്തെ വീട്ടുവാടക തുക ഗുണഭോക്താക്കൾക്ക് അടിയന്തരമായി വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 16,02,000/- രൂപ (പതിനാറ് ലക്ഷം രണ്ടായിരം രൂപ) വയനാട് ജില്ലാ കളക്ടർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
മുമ്പ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം 2026 സെപ്റ്റംബർ മാസം വരെ മാത്രമായിരുന്നു ദുരന്തബാധിതർക്ക് വാടക സഹായം അനുവദിച്ചിരുന്നത്. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന സമഗ്ര പുനരധിവാസ ടൗൺഷിപ്പിൽ എല്ലാ കുടുംബങ്ങൾക്കുമുള്ള വീടുകൾ നിർമ്മിച്ച് പൂർത്തിയായിട്ടില്ല.
ദുരന്തം ബാധിച്ച പല ഗ്രാമീണ മേഖലകളിലും റോഡുകളും പൊതുഗതാഗത സൗകര്യങ്ങളും പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെടാത്തതിനാൽ ആളുകൾക്ക് തിരികെ പോകാൻ സാധിക്കാത്ത സാഹചര്യമുണ്ട്.
ഈ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാട്ടി വയനാട് ജില്ലാ കളക്ടർ സെപ്റ്റംബർ 15-നും ഒക്ടോബർ 28-നും സർക്കാരിന് സമർപ്പിച്ച ശുപാർശ കത്തുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ദുരന്തനിവാരണ വകുപ്പ് ആനുകൂല്യം നവംബർ വരെ നീട്ടി നൽകാൻ അന്തിമ തീരുമാനമെടുത്തത്.
പുതിയ സർക്കാർ ഉത്തരവ് പ്രകാരം താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന കുടുംബങ്ങൾക്കാണ് നവംബർ മാസത്തെയും വീട്ടുവാടക ലഭിക്കുന്നത്.