കുവൈത്ത് സിറ്റി: ലഹരിവസ്തു വ്യാപാരവും ഉപയോഗവുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിൽ ആറുപേരെ കുവൈത്ത് ലഹരിവിരുദ്ധ വിഭാഗം പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് നടപടികൾ സ്വീകരിച്ചത്.

പ്രതികളിൽനിന്ന് 410 ഗ്രാം ഷാബു, ലഹരിദ്രാവകമായ ‘കെമിക്കൽ’ പുരട്ടിയ 175 പേപ്പറുകൾ, 60 ഗ്രാം ഹഷീഷ് എന്നിവ പിടിച്ചെടുത്തു. ലഹരിവിൽപ്പനയിൽനിന്ന് ലഭിച്ചതെന്ന് സംശയിക്കുന്ന 540 ദിനാറും രണ്ട് സൂക്ഷ്മ തൂക്കയന്ത്രങ്ങളും കണ്ടെടുത്തു.

പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിവസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുന്നതിനുള്ള പരിശോധനകളുടെ ഭാഗമായാണ് നാല് കേസുകളിലെയും നടപടികൾ.