കാഠ്മണ്ഡു: നേപ്പാളിൽ കുത്തൊഴുക്കുള്ള നദിക്കും കുത്തനെയുള്ള പാറക്കെട്ടിനുമിടയിലെ ഇടുങ്ങിയ പ്രദേശത്ത് 20 ദിവസമായി കുടുങ്ങിക്കിടന്ന നായയെ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി. നേപ്പാളിലെ ഗോർഖ ജില്ലയിൽ ബുധിഗണ്ഡകി നദിയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട സെറ്റി എന്ന നായയെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കയാക്കിങ് വിദഗ്ധർ സുരക്ഷിതമായി കരയിലെത്തിച്ചത്.

ഒക്ടോബർ 11ന് ബുധിഗണ്ഡകി നദീതടത്തിലുണ്ടായ മിന്നൽ പ്രളയത്തിലാണ് ധാർചെ ഗ്രാമസഭയിലെ താമസക്കാരനായ ദയാറാം കാർക്കിയുടെ വളർത്തുനായയായ സെറ്റിയെ വെള്ളം കൊണ്ടുപോയത്. പിന്നീട് ജഗത് ബഗാർ പ്രദേശത്ത് നദിയുടെ മറുകരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് നായ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരു വശത്ത് കുത്തനെയുള്ള പാറക്കെട്ടും മറുവശത്ത് ശക്തമായ ഒഴുക്കുള്ള നദിയും ഉണ്ടായിരുന്നതിനാൽ നായയ്ക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.

നായ കുടുങ്ങിയ വിവരം അറിഞ്ഞ ഉടമയും പ്രദേശവാസികളും ബിസ്കറ്റുകൾ മറുകരയിലേക്ക് എറിഞ്ഞ് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ ഒഴുക്കുകാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല.

ഹെലികോപ്റ്റർ രക്ഷാദൗത്യം ഉപേക്ഷിച്ചു

നായയെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ മോശം കാലാവസ്ഥയും പറക്കാനുള്ള അനുമതി ലഭിക്കുന്നതിലെ തടസ്സങ്ങളും കാരണം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് മൃഗസംരക്ഷണ സംഘടനയായ അനിമൽ നേപ്പാൾ ധാദിങ്ങിലെ റോയൽ ബീച്ച് ക്യാമ്പിന്റെ സഹായം തേടുകയായിരുന്നു.

തുടർച്ചയായ മൂന്ന് ദിവസത്തെ ശ്രമങ്ങൾക്കൊടുവിൽ പരിശീലനം ലഭിച്ച കയാക്കിങ് വിദഗ്ധരായ റാം സിൽവാളും അരുൺ ഥാപാലിയയും രക്ഷാദൗത്യം ഏറ്റെടുത്തു. മഴയും ശക്തമായ നദിയൊഴുക്കും വകവെക്കാതെ കയാക്കിൽ മറുകരയിലെത്തിയ ഇരുവരും സെറ്റിയെ സുരക്ഷിതമായി കയാക്കിൽ കയറ്റി തിരികെ എത്തിച്ചു.

നായയ്ക്ക് പരമ്പരാഗത ആദരവ്

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സംഘത്തെ ഗ്രാമസഭാ അധ്യക്ഷൻ നിമ ലാമ പരമ്പരാഗത ഖാദ അണിയിച്ച് ആദരിച്ചു. സെറ്റിയുടെ കഴുത്തിലും ഖാദ അണിയിച്ചാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. പിന്നീട് നായയെ ഉടമയായ ദയാറാം കാർക്കിക്ക് കൈമാറി.

പ്രാദേശിക ഭരണകൂടം, മൻസലു സംരക്ഷിത മേഖലാ പദ്ധതി, മൃഗാശുപത്രി, അനിമൽ നേപ്പാൾ, ഗോർഖ ജയ്സീസ് തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് രക്ഷാദൗത്യം വിജയകരമാക്കിയത്.

അതേസമയം, പ്രളയത്തിൽ നദിയുടെ മറുകരയിൽ കുടുങ്ങിയ ചില ആടുകളെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.