കുവൈത്ത് സിറ്റി: നിക്ഷേപ മേഖലയിലെ പ്രൊഫഷണൽ ശേഷി ഉയർത്തുന്നതിനായി 2025ൽ 109 പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി കുവൈത്ത് യൂണിയൻ ഓഫ് ഇൻവെസ്റ്റ്മെന്റ് കമ്പനീസ് അറിയിച്ചു. ശിൽപശാലകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ 1,789ൽ അധികം പേർ പങ്കെടുത്തു.
യൂണിയന്റെ 21ാം വാർഷിക പൊതുയോഗത്തിലും അസാധാരണ പൊതുയോഗത്തിലും സംസാരിക്കവെ ചെയർമാൻ അബ്ദുല്ല അൽ തുർകൈത്താണ് പ്രവർത്തനങ്ങൾ വിശദീകരിച്ചത്. സാമ്പത്തികം, നിക്ഷേപം, നിയന്ത്രണ സംവിധാനങ്ങൾ, ഭരണനിർവഹണം എന്നിവയ്ക്കൊപ്പം ഫിൻടെക്, നിർമിതബുദ്ധി, സ്ഥാപന ഭരണനിർവഹണം, സുസ്ഥിരത എന്നിവയും പരിശീലന വിഷയങ്ങളായിരുന്നു.
ആശയവിനിമയം, സഹകരണം, മാധ്യമപ്രവർത്തനം, വികസനം, പരിശീലനം എന്നിവയാണ് 2024–2027 കാലയളവിലെ യൂണിയന്റെ പ്രവർത്തനതന്ത്രത്തിന്റെ പ്രധാന ഘടകങ്ങൾ. അംഗ കമ്പനികളുടെ താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നതിനൊപ്പം ദേശീയ സമ്പദ്വ്യവസ്ഥയിൽ നിക്ഷേപ മേഖലയുടെ സംഭാവന വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ വകുപ്പുകളുമായും നിയന്ത്രണ ഏജൻസികളുമായും യൂണിയൻ തുടർച്ചയായി ആശയവിനിമയം നടത്തി. വിദേശ എംബസികളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായുമുള്ള ബന്ധങ്ങളിലൂടെ പ്രാദേശിക–അന്താരാഷ്ട്ര വിപണികളിലെ നിക്ഷേപ അവസരങ്ങൾ അംഗ കമ്പനികൾക്ക് പരിചയപ്പെടുത്താനും ശ്രമിച്ചു. പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള ഏകോപനം സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമാണെന്നും അൽ തുർകൈത്ത് വ്യക്തമാക്കി.