നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ വർധിപ്പിച്ച പ്രീമിയം നിരക്കുകൾ പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഡോ. വി. ശിവദാസൻ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി വി.ഡി സതീശന് അദ്ദേഹം കത്തയച്ചു.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം നിരക്കുകൾ വർധിപ്പിച്ചത് പ്രായമായ പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എം.പി. ചൂണ്ടിക്കാട്ടി.

റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള വാർഷിക പ്രീമിയം 51–60 വയസ്സുകാർക്ക് 13,411 രൂപയിൽ നിന്ന് 35,664 രൂപയായും 61–70 വയസ്സുകാർക്ക് 44,718 രൂപയിൽ നിന്ന് 77,773 രൂപയായും ഉയർന്നിരിക്കുകയാണ്. ഈ വർധന സാധാരണക്കാരായ നിരവധി പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ തുടരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയവരാണ് പ്രവാസി മലയാളികൾ. ജീവിതത്തിലെ ആരോഗ്യകരമായ യുവത്വകാലം വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാടിന്റെ വികസനത്തിന് കരുത്തുപകർന്ന പ്രവാസികൾക്ക് വാർധക്യത്തിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് എം.പി. വ്യക്തമാക്കി.

പുതുക്കിയ പ്രീമിയം നിരക്കുകൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും പ്രായമായവർക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്കും ഉയർന്ന പ്രീമിയം താങ്ങാനാകാതെ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികൾ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച്, നോർക്ക കെയർ പദ്ധതി എല്ലാ വിഭാഗം പ്രവാസികൾക്കും താങ്ങാനാകുന്നതും പ്രാപ്യവുമായ ആരോഗ്യസുരക്ഷാ പദ്ധതിയായി നിലനിർത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡോ. വി. ശിവദാസൻ എം.പി. ആവശ്യപ്പെട്ടു.