ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ചകുലയിൽ സർക്കാർ സ്കൂളിനുള്ളിൽ ആറുവയസ്സുകാരിയെ എട്ടുവയസ്സുകാരനായ വിദ്യാർഥി മർദിച്ച സംഭവത്തിൽ അന്വേഷണം. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാരും ഉത്തരവിട്ടു.
ഒക്ടോബർ 28ന് ക്ലാസ് മുറിക്കുള്ളിലാണ് സംഭവം നടന്നത്. പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തതായി പഞ്ചകുല ഡിസിപി അദിതി സിങ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിദ്യാർഥികളുടെ സുരക്ഷയും സ്കൂളിലെ മേൽനോട്ട സംവിധാനവും സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്.
കുട്ടിയെ സംരക്ഷിക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ബാലാവകാശ കമ്മിഷനും വിശദീകരണം തേടിയിട്ടുണ്ട്.
എട്ടുവയസ്സുകാരന്റെ പെരുമാറ്റവും മാനസികാവസ്ഥയും വിദഗ്ധർ വിലയിരുത്തുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ പ്രായം പരിഗണിച്ച് ബാലനീതി നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.