കുവൈത്ത് സിറ്റി: സകാത്ത് ഹൗസിന്റെ ഭരണസമിതി ഘടനയിൽ മാറ്റം വരുത്തി നിയമഭേദഗതി പുറത്തിറങ്ങി. പുതിയ വ്യവസ്ഥപ്രകാരം ഔഖാഫ്–ഇസ്‌ലാമികകാര്യ മന്ത്രിയായിരിക്കും ഡയറക്ടർ ബോർഡിന്റെ അധ്യക്ഷൻ. സകാത്ത് ഹൗസ് ഡയറക്ടർ ജനറൽ ഉപാധ്യക്ഷനാകും.

സകാത്ത് ഹൗസ് സ്ഥാപിക്കുന്നതിനുള്ള 1982ലെ അഞ്ചാം നമ്പർ നിയമത്തിലെ മൂന്നാം വകുപ്പാണ് ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച 2026ലെ 123ാം നമ്പർ നിയമ ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമി’ൽ പ്രസിദ്ധീകരിച്ചു.

ഇസ്‌ലാമികകാര്യ മന്ത്രാലയം, സാമൂഹിക–കുടുംബ–ശിശുകാര്യ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ അണ്ടർ സെക്രട്ടറിമാർ ഭരണസമിതിയിൽ അംഗങ്ങളായിരിക്കും. ഔഖാഫ് ജനറൽ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറൽ, പ്രായപൂർത്തിയാകാത്തവരുടെ കാര്യങ്ങൾക്കായുള്ള പൊതുഅതോറിറ്റിയുടെ ഡയറക്ടർ ജനറൽ എന്നിവരും സമിതിയിലുണ്ടാകും.

അധ്യക്ഷനോ ഉപാധ്യക്ഷനോ ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങൾ പങ്കെടുത്താൽ മാത്രമേ യോഗത്തിന് സാധുതയുണ്ടാകൂ. തീരുമാനങ്ങൾ ഭൂരിപക്ഷ വോട്ടിലൂടെ കൈക്കൊള്ളും. വോട്ടുകൾ തുല്യമായാൽ യോഗാധ്യക്ഷൻ പിന്തുണയ്ക്കുന്ന തീരുമാനത്തിനായിരിക്കും മുൻതൂക്കം. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഭേദഗതി പ്രാബല്യത്തിൽ വന്നു.