കുവൈത്ത് സിറ്റി: സർക്കാർ കരാറുകൾ നടപ്പാക്കുന്ന കമ്പനികളുടെ തൊഴിലാളി താമസസ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തീരുമാനിച്ചു. തൊഴിൽസുരക്ഷാ നിരീക്ഷണ വിഭാഗത്തിനും തൊഴിൽബന്ധ വിഭാഗത്തിനും അതോറിറ്റി ഡയറക്ടർ എൻജിനീയർ റബാബ് അൽ ഉസൈമി ഇതുസംബന്ധിച്ച നിർദേശം നൽകി.

ഡെലിവറി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ സുരക്ഷാ–ആരോഗ്യ വ്യവസ്ഥകളിലെ വീഴ്ചകൾക്കെതിരെ സ്വീകരിച്ച നടപടികളുടെ തുടർച്ചയായാണ് പരിശോധന വ്യാപിപ്പിക്കുന്നത്. സർക്കാർ കരാർ കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ താമസസൗകര്യങ്ങളും ഇനി പരിശോധിക്കും.

ലംഘനങ്ങൾ കണ്ടെത്തുന്ന കമ്പനികൾക്ക് ആദ്യം അവ പരിഹരിക്കാൻ മുന്നറിയിപ്പ് നൽകും. തുടർന്ന് വീണ്ടും പരിശോധന നടത്തി സ്ഥിതി വിലയിരുത്തും. വീഴ്ചകൾ പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കമ്പനി ഫയൽ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകും.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും അന്തസ്സും സംരക്ഷിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. തൊഴിലുടമകളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്നവർക്ക് ‘ബല്ലിഗ്നി’ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ രഹസ്യമായി പരാതി നൽകാമെന്നും അതോറിറ്റി വ്യക്തമാക്കി.