കുവൈത്ത് സിറ്റി: സ്കൂളുകളിൽ പുകവലി സാമഗ്രികളോ അനുബന്ധ ഉപകരണങ്ങളോ കൊണ്ടുവരുന്ന വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. വിവിധ വിദ്യാഭ്യാസ മേഖലകളിലെ നിരവധി സ്കൂളുകൾ ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സർക്കുലറുകൾ നൽകി.
വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദ്യാർഥി പെരുമാറ്റച്ചട്ടപ്രകാരം പുകവലി സാമഗ്രികൾ കൈവശംവയ്ക്കുന്നത് ഗുരുതരമായ പെരുമാറ്റലംഘനമായാണ് കണക്കാക്കുന്നതെന്ന് വിദ്യാഭ്യാസ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രം അറിയിച്ചു. ചില സ്കൂളുകളുടെ സർക്കുലറുകളിൽ മൂന്നു ദിവസത്തെ സസ്പെൻഷനും ഈ ദിവസങ്ങൾ കാരണമില്ലാത്ത അവധിയായി രേഖപ്പെടുത്തുന്നതും വ്യക്തമാക്കിയിട്ടുണ്ട്.
ലംഘനം ആവർത്തിച്ചാൽ കൂടുതൽ ഗൗരവമുള്ള അച്ചടക്കലംഘനമായി പരിഗണിച്ച് ബന്ധപ്പെട്ട ചട്ടങ്ങൾക്കനുസരിച്ച് തുടർനടപടി സ്വീകരിക്കും. കുട്ടികൾ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ ശ്രദ്ധിക്കണമെന്നും പുകവലി സാമഗ്രികൾ കൈവശമില്ലെന്ന് ഉറപ്പാക്കണമെന്നും രക്ഷിതാക്കളോട് നിർദേശിച്ചു.
ശിക്ഷാനടപടികൾക്കൊപ്പം പുകവലിയുടെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ദോഷങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ ബോധവത്കരണവും നടത്തും. സുരക്ഷിതവും അച്ചടക്കമുള്ളതുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ കുടുംബവും സ്കൂളും സഹകരിക്കണമെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ ആവശ്യപ്പെട്ടു