ന്യൂഡൽഹി: ശൈത്യകാലത്ത് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡൽഹി-എൻസിആർ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. നവംബർ ഒന്ന് മുതൽ 2027 ജനുവരി 31 വരെയാണ് പ്രധാന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. പഴയ വാഹനങ്ങളുടെ പ്രവേശനത്തിന് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെ യാത്ര, ജോലി, നിർമാണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിർണായക മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ബി.എസ്-6 നിലവാരമില്ലാത്ത വാഹനങ്ങൾക്ക് വിലക്ക്
ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്ത ബി.എസ്-6 മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കാത്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തലസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കില്ല. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്നുള്ള ഏകദേശം പത്ത് ലക്ഷം പഴയ വാഹനങ്ങളെ ഈ നിയന്ത്രണം ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങൾ, സി.എൻ.ജി വാഹനങ്ങൾ, ആംബുലൻസ്, അഗ്നിരക്ഷാ വാഹനങ്ങൾ തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് ഇളവുണ്ട്.
നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം
പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കുന്ന പൊളിക്കൽ പ്രവർത്തനങ്ങൾക്കും തുറസ്സായ സ്ഥലങ്ങളിലെ സിവിൽ നിർമാണ പ്രവർത്തനങ്ങൾക്കും ജനുവരി 31 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന ചില അവശ്യ പൊതുഅടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഇളവുണ്ടാകും. പൊടിനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഇൻഡോർ ഫിനിഷിങ്, പ്ലംബിങ്, വൈദ്യുത ജോലികൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാവൂ. ശേഷിക്കുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. അവശ്യ സേവനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓഫീസ് സമയത്തിലും പാർക്കിങ് നിരക്കിലും മാറ്റം
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഫീസുകളുടെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസുകൾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയും ഡൽഹി സർക്കാർ ഓഫീസുകൾ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയും പ്രവർത്തിക്കും.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പല പൊതുപാർക്കിങ് കേന്ദ്രങ്ങളിലെയും നിരക്ക് ഇരട്ടിയാക്കും. എന്നാൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പാർക്കിങ് കേന്ദ്രങ്ങൾക്ക് ഈ വർധന ബാധകമല്ല.
പിയുസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല
നവംബർ ഒന്ന് മുതൽ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ 'നോ പിയുസി, നോ ഫ്യൂവൽ' നയം നടപ്പാക്കും. സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവ നൽകില്ല. ഇതിനായി ഡൽഹിയിലെ 500 പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പരിശോധിച്ച് പിയുസി സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കും.
നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രത്യേക പരിശോധനാ സംഘങ്ങൾ, എ.എൻ.പി.ആർ ക്യാമറകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയും ഉപയോഗിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഇ-ചലാൻ നൽകും.
യാത്രക്കാർ വാഹനങ്ങളുടെ മലിനീകരണ നിലവാരവും പിയുസി സർട്ടിഫിക്കറ്റിന്റെ കാലാവധിയും മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കണമെന്നും യാത്രയ്ക്ക് മുമ്പ് ഡൽഹി ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി രേഖ ഗുപ്തയും ജനങ്ങളോട് അഭ്യർഥിച്ചു.