വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തെ മുൻനിർത്തിയുള്ള വൻകിട വ്യാവസായിക-സാമ്പത്തിക മുന്നേറ്റങ്ങൾക്ക് വേഗത കൂട്ടാൻ ഭരണതലത്തിൽ നിർണ്ണായക അഴിച്ചുപണി. തലസ്ഥാന നഗര വികസന പദ്ധതിയുടെ (CRDP-II) ഭാഗമായുള്ള ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ (Outer Area Growth Corridor - OAGC) പദ്ധതിയുടെ പൂർണ്ണ ഭരണപരമായ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിൽ (LSGD) നിന്നും മാറ്റി തുറമുഖ വകുപ്പിന് (Ports Department) കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിലും ലാൻഡ് പൂളിംഗ് നടപടികളിലും തദ്ദേശ വകുപ്പ് വരുത്തിയ ദീർഘകാല കാലതാമസവും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാനാണ് ഈ നിർണ്ണായക മാറ്റം. തലസ്ഥാനത്തെ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള നിർദ്ദിഷ്ട ഔട്ടർ റിങ് റോഡിന് (ORR) ഒരു മാസത്തിനകം കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പദ്ധതികളുടെ ഏകോപനത്തിനായി വ്യവസായ വകുപ്പ് തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഇരുവശങ്ങളിലുമായി 2.5 കിലോമീറ്റർ പരിധിയിലാണ് സമഗ്ര മാസ്റ്റർ ഡെവലപ്‌മെന്റ് കോറിഡോർ വിഭാവനം ചെയ്തിരിക്കുന്നത്.

തുറമുഖത്തെയും റോഡ് ശൃംഖലയെയും പരസ്പരം ബന്ധിപ്പിച്ച് ചരക്കുനീക്കം, വെയർഹൗസിങ്, വ്യവസായ പാർക്കുകൾ എന്നിവ സജ്ജമാക്കും. വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, മംഗലപുരം, കിളിമാനൂർ, കല്ലമ്പലം എന്നീ 8 കേന്ദ്രങ്ങളിലാണ് വികസന ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത്. തുറമുഖത്തിന് സമീപമുള്ള രണ്ട് ക്ലസ്റ്ററുകൾ തുറമുഖ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും, ബാക്കി ആറ് ക്ലസ്റ്ററുകൾ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കും പ്രവർത്തിക്കുക.

ഹെൽത്ത് ടൂറിസം, ഗ്രീൻ ആൻഡ് സ്മാർട്ട് വ്യവസായങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ സംസ്കരണം, ലൈഫ് സയൻസസ്, ഐടി അനുബന്ധ സാങ്കേതിക ഹബ്ബുകൾ എന്നിവയാണ് ഈ ക്ലസ്റ്ററുകളിൽ ഒരുങ്ങുക.

വർഷങ്ങളായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പക്കലായിരുന്ന പദ്ധതി ഫയലുകളിൽ കാര്യമായ പുരോഗതിയില്ലാതെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിനായുള്ള ലാൻഡ് പൂളിംഗ് രീതികൾ തീരുമാനിക്കുന്നതിലും വിവിധ വകുപ്പുകളെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലും തദ്ദേശ വകുപ്പ് പരാജയപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സിആർഡിപി-രണ്ടാം ഘട്ട പദ്ധതികൾ അവലോകനം ചെയ്യുകയും വിഴിഞ്ഞം പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകാൻ ശുപാർശ ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനവും ലാൻഡ് ബാങ്ക് സമാഹരണവും വിശദമായി ചർച്ച ചെയ്യും.