കല കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും പ്രവാസിക്ഷേമ പദ്ധതികൾ കാര്യക്ഷമമായി പുനഃസ്ഥാപിക്കണമെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് ആവശ്യപ്പെട്ടു. പ്രവാസികളുടെ ചികിത്സാ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ ക്ഷേമപദ്ധതിയെ ഉയർന്ന പ്രീമിയം നിരക്കുകളിലൂടെ സാധാരണക്കാരായ പ്രവാസികൾക്ക് അപ്രാപ്യമാക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കേണ്ട പദ്ധതികളെല്ലാം നിലവിൽ സ്തംഭനാവസ്ഥയിലാണെന്നും ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും കല കുവൈറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും കേരളത്തിന്റെ വികസനത്തിലും നിർണായക സംഭാവനകൾ നൽകുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ചയ്ക്ക് എടുക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. പ്രവാസികളുടെ വിഷയങ്ങളോടുള്ള ഈ സമീപനം തിരുത്തി അവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാൻ സർക്കാർ സന്നദ്ധമാകണം.
സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നോർക്ക കെയർ പദ്ധതി നിലവിൽ പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, പുതിയ പ്രീമിയം നിരക്കുകൾ കുറഞ്ഞ വരുമാനക്കാരെയും വിരമിച്ചുവരെയും മുതിർന്ന പ്രവാസികളെയും വലിയ സാമ്പത്തിക ബാധ്യതയിലാക്കുന്നതാണ്. രോഗാവസ്ഥയിൽ ചികിത്സാ പരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തിൽ മുതിർന്ന പ്രവാസികൾക്ക് ഇൻഷുറൻസ് തുടരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടരുത്.
പുറത്തുവന്ന നിരക്കുവിവരങ്ങൾ പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 പ്രായവിഭാഗത്തിൽ 28,326 രൂപയും 71–80 പ്രായവിഭാഗത്തിൽ 48,279 രൂപയുമാണ് പ്രീമിയം. ഇതേ തുകയ്ക്കുള്ള കുടുംബ ചികിത്സാ പരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഉയർന്ന പ്രായവിഭാഗങ്ങളിൽ പ്രീമിയം കുത്തനെ വർധിക്കുന്നത് ചികിത്സാ പരിരക്ഷ ആവശ്യമുള്ളവർക്കുതന്നെ പദ്ധതി താങ്ങാനാവാത്തതാക്കുമെന്ന ആശങ്ക സംഘടന പങ്കുവച്ചു.
സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച് നോർക്ക കെയറിൽ അർഹരായ പ്രവാസികൾക്ക് നിരക്ക് വർധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ താൽപര്യങ്ങൾക്കായി പ്രവാസികളുടെ ക്ഷേമപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ക്ഷേമപദ്ധതികളുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ല, സാധാരണക്കാർക്ക് സുരക്ഷയും ആശ്വാസവും ഉറപ്പാക്കലാണെന്ന് കല കുവൈറ്റ് വ്യക്തമാക്കി.
ജീവിതത്തിന്റെ വിലയേറിയ ഭാഗം വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിക്കായി സംഭാവന നൽകിയ പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന ഉടൻ പിൻവലിച്ച് മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണം. നിലവിലുള്ള അംഗങ്ങൾക്ക് ചികിത്സാ പരിരക്ഷ തടസ്സപ്പെടാതെ പോളിസി പുതുക്കാനുള്ള അവസരം നൽകുകയും പ്രവാസി സംഘടനകളുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും വേണം.
പ്രവാസിക്ഷേമം വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കാനും മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. നോർക്ക കെയറിന്റെ ക്ഷേമവ്യവസ്ഥ സംരക്ഷിച്ച് പ്രീമിയം വർധന പിൻവലിക്കണമെന്നും പ്രവാസികളുടെ ചികിത്സാ സുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും ഉറപ്പാക്കണമെന്നും കല കുവൈറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
പ്രവാസി ഇൻഷുറൻസ് നിരക്ക് വർധനവിനെതിരെ പ്രവാസി സമൂഹത്തിൽ നിന്നും പ്രവാസി സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് കല കുവൈറ്റ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി, നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണമെന്നും പ്രവാസിക്ഷേമ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 2026 ഒക്ടോബർ 31 ശനിയാഴ്ച കലാസെന്റർ ഹാളിൽ വച്ച് കല കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തുടർന്നും പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ വിവിധ പ്രതിഷേധ-പ്രചാരണ പരിപാടികളിലൂടെ കുവൈറ്റിലെ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.