മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ 61-ാം ജന്മദിനാഘോഷത്തിന് ആവേശകരമായ കാഴ്ചകളുമായി മുംബൈയിലെ വസതിയായ മന്നത്ത്. അർധരാത്രിയിൽ പതിവായി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചടങ്ങ് ഇത്തവണ ഒഴിവാക്കിയെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ ബാൽക്കണിയിലെത്തി ആരാധകർക്ക് ദർശനം നൽകി താരം.
ജന്മദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ആരാധകരാണ് മന്നത്തിന് മുന്നിൽ തടിച്ചുകൂടിയത്. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ വൈകിട്ടോടെ വെള്ള ടീ ഷർട്ടും ജീൻസും ധരിച്ചാണ് ഷാരൂഖ് ബാൽക്കണിയിലെത്തിയത്. കൈവീശിയും ചുംബനങ്ങൾ നൽകിയും ആരാധകരെ അഭിവാദ്യം ചെയ്ത താരം തന്റെ പ്രശസ്തമായ കൈകൾ വിടർത്തിയുള്ള പോസും ആവർത്തിച്ചു. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.
കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ താജ് ഹോട്ടലിൽ വെച്ചായിരുന്നു താരത്തിന്റെ ജന്മദിനാഘോഷമെന്നാണ് റിപ്പോർട്ടുകൾ. അവിടെനിന്ന് മന്നത്തിലേക്ക് എത്തിയ ശേഷമാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മന്നത്തിലേക്കുള്ള റോഡുകളിൽ മുംബൈ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
അർധരാത്രിയിലെ പതിവ് ചടങ്ങ് ഒഴിവാക്കിയതോടെ ആരാധകർക്കായി ഷാരൂഖ് കൈയക്ഷരത്തിലുള്ള പ്രത്യേക സന്ദേശം ഒരുക്കിയിരുന്നു. മന്നത്തിന് മുന്നിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച സന്ദേശത്തിൽ ജന്മദിനാശംസകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുകയും അതേ സ്നേഹം തിരിച്ചുനൽകുന്നതായും താരം കുറിച്ചിരുന്നു.
ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രമായ 'കിംഗ്' (King) സിനിമയുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും മന്നത്തിന് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഡിസംബർ 24ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.
ചിത്രത്തിൽ ഷാരൂഖിനൊപ്പം മകൾ സുഹാന ഖാൻ, ദീപിക പദുക്കോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ 'തു മിൽ ജായേ' എന്ന ഗാനവും പുറത്തിറക്കിയിരുന്നു. അർജിത് സിങ്ങിന്റെ ആലാപനവും എഡ് ഷീറന്റെ റാപ്പും ഗാനത്തിന്റെ പ്രത്യേകതയാണ്.
61-ാം ജന്മദിനത്തിലും ആരാധകരുടെ സ്നേഹത്തിന് നേരിട്ട് നന്ദി അറിയിച്ചുകൊണ്ടാണ് ബോളിവുഡിന്റെ കിങ് ഖാൻ ആഘോഷങ്ങൾക്ക് വിരാമമിട്ടത്.