വാഷിങ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ അജ്ഞാത വസ്തുക്കൾ പലതവണ പുറത്തുവിട്ടതായി റിപ്പോർട്ടുകളുള്ള ചൈനയുടെ രഹസ്യ ബഹിരാകാശ വിമാനം ‘ഷെൻലോങ്’ (Shenlong) ക്യാമറയിൽ പതിഞ്ഞു. ചൈനയുടെ രഹസ്യ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്ന അപൂർവ ഉപഗ്രഹചിത്രമാണ് യുഎസ് പുറത്തുവിട്ടത്.

‘ദിവ്യനാഗം’ എന്നർഥം വരുന്ന ഷെൻലോങ് ചൈന വികസിപ്പിച്ചെടുത്ത പുനരുപയോഗിക്കാവുന്ന ആളില്ലാ ബഹിരാകാശ വിമാനമാണ്. കഴിഞ്ഞ ആറുവർഷമായി ഈ പേടകം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ പ്രവർത്തിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.

യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (DIA) പുറത്തുവിട്ട ബഹിരാകാശ സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ടിലാണ് പേടകത്തിന്റെ അപൂർവ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. 2024ൽ മാക്സാർ ടെക്നോളജീസിന്റെ ഉപഗ്രഹമാണ് ഏകദേശം 90 കിലോമീറ്റർ അകലെനിന്ന് ചിത്രം പകർത്തിയത്. ഒരു പിക്സലിന് 4.5 സെന്റിമീറ്റർ എന്ന ഉയർന്ന റെസല്യൂഷനിലാണ് ചിത്രം ലഭിച്ചിരിക്കുന്നത്.

മറ്റൊരു ഉപഗ്രഹവുമായി ബന്ധിപ്പിച്ച നിലയിലാണ് ഷെൻലോങ് ചിത്രത്തിലുള്ളത്. സോളാർ പാനലുകൾ തുറന്ന നിലയിലും പേടകത്തിന്റെ പിൻഭാഗത്തുള്ള പേലോഡ് വാതിൽ തുറന്ന നിലയിലാണെന്നും ചിത്രത്തിൽനിന്ന് വ്യക്തമാണ്.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ അജ്ഞാത വസ്തുക്കൾ പുറത്തുവിട്ട സംഭവങ്ങളാണ് ഷെൻലോങിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. 2022 മുതൽ കുറഞ്ഞത് ഒൻപത് അജ്ഞാത വസ്തുക്കൾ പേടകം പുറത്തുവിട്ടതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇവയുടെ കൃത്യമായ ലക്ഷ്യവും പ്രവർത്തനവും ഇതുവരെ വ്യക്തമായിട്ടില്ല. ചെറിയ ഉപഗ്രഹങ്ങളായിരിക്കാം ഇവയെന്നാണ് ചില ഗവേഷകരുടെ നിഗമനം.

മറ്റൊരു ബഹിരാകാശ വസ്തുവിനോട് അടുത്തെത്തുകയും പിന്നീട് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി നിരീക്ഷണ വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും അവയുമായി അടുത്ത് പ്രവർത്തിക്കാനും പേടകത്തിന് ശേഷിയുണ്ടെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്.

അമേരിക്കയുടെ ബോയിങ് നിർമിത എക്സ്-37ബി (X-37B) ബഹിരാകാശ വിമാനവുമായി രൂപകൽപ്പനയിൽ ഷെൻലോങിന് ഏറെ സാമ്യമുണ്ട്. റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന പേടകം പിന്നീട് വിമാനത്തെപ്പോലെ ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

അതേസമയം, ഷെൻലോങ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണോ അതോ ശാസ്ത്രീയ പരീക്ഷണങ്ങൾക്കാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പേടകത്തിന്റെ കൃത്യമായ ദൗത്യലക്ഷ്യങ്ങളും ചൈന ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ചൈനയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സാങ്കേതികവിദ്യാ മത്സരം ശക്തമാകുന്നതിനിടെയാണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശ മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന ശേഷികളെക്കുറിച്ച് യുഎസ് നിരീക്ഷണം ശക്തമാക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.