കോഴിക്കോട് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പിൽ പങ്ക് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ രണ്ട് പൊലീസുകാരെ സർവീസിൽ തിരികെയെടുക്കാൻ വകുപ്പിൽ നീക്കം നടക്കുന്നതായി റിപ്പോർട്ട്.
ഒന്നര വർഷം മുൻപാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ 'ഗാർഡനീയ' ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ നടക്കാവ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്.
ഈ കേന്ദ്രത്തിന്റെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും പൊലീസുകാരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവറായ പൊലീസുകാരൻ, എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരുന്നത്. നിലവിൽ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയ നേതാക്കളും ഇടപെട്ട് ഇവരെ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായാണ് സൂചന.
മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ താമരശ്ശേരിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയിരുന്നത്. ഗുരുതര കുറ്റകൃത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാനുള്ള വകുപ്പിനുള്ളിലെ നീക്കത്തിനെതിരെ വലിയ പ്രതിഷേധവും ഉയർന്നുവരുന്നുണ്ട്.