പണമിടപാട് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കിയശേഷം മാത്രം ഇടപാടുകൾ നടത്തണമെന്ന് നിർദേശം

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സാമ്പത്തിക സേവനങ്ങൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ പൊതുജനങ്ങളോട് കുവൈത്ത് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. പണം കൈമാറ്റം ചെയ്യൽ, വായ്പ നൽകൽ, ഇലക്ട്രോണിക് പണമടയ്ക്കൽ ലിങ്കുകൾ വഴിയുള്ള സേവനങ്ങൾ തുടങ്ങിയവ ആവശ്യമായ അംഗീകാരമില്ലാതെ നടത്തുന്നവരെക്കുറിച്ചാണ് വിവരം നൽകേണ്ടത്.

ഇത്തരം പ്രവർത്തനങ്ങൾ വ്യക്തികളുടെ പണത്തിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും അപകടമുണ്ടാക്കാമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. സംശയകരമായ പ്രവർത്തനങ്ങളെക്കുറിച്ച് 22972999 എന്ന നമ്പറിലോ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അറിയിക്കാം.

അനുമതിയില്ലാത്ത സാമ്പത്തിക പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ unlicensed@cbk.gov.kw എന്ന ഇമെയിലിലും നൽകാം. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര്, ഫോൺ നമ്പറുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ, പരസ്യങ്ങൾ, സംഭാഷണങ്ങളുടെ പകർപ്പുകൾ, പണം കൈമാറിയ രേഖകൾ എന്നിവ ലഭ്യമെങ്കിൽ പരാതിക്കൊപ്പം സമർപ്പിക്കണം.

വാണിജ്യ രജിസ്ട്രേഷനോ മൊബൈൽ ആപ്ലിക്കേഷനോ വെബ്‌സൈറ്റോ ഉള്ളതുകൊണ്ടുമാത്രം ഒരു സ്ഥാപനം സാമ്പത്തിക സേവനങ്ങൾക്ക് അംഗീകാരം നേടിയതായി കരുതരുതെന്ന് ബാങ്ക് വ്യക്തമാക്കി. ബന്ധപ്പെട്ട നിയന്ത്രണ ഏജൻസിയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച് അനുമതി ഉറപ്പാക്കണം.

ഉയർന്നതും ഉറപ്പുള്ളതുമായ ലാഭവാഗ്ദാനം, ഉടൻ തീരുമാനമെടുക്കാനുള്ള സമ്മർദം, വ്യക്തിഗത അക്കൗണ്ടിലേക്ക് പണം അയയ്ക്കാനുള്ള നിർദേശം, ഒടിപിയോ പാസ്‌വേഡോ ആവശ്യപ്പെടൽ എന്നിവ ജാഗ്രത പാലിക്കേണ്ട സൂചനകളാണ്. ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ബന്ധപ്പെടുകയാണെങ്കിൽ, അവർ നൽകുന്ന നമ്പറിനെയോ ലിങ്കിനെയോ ആശ്രയിക്കാതെ ബാങ്കിന്റെ ഔദ്യോഗിക മാർഗത്തിലൂടെ നേരിട്ട് പരിശോധിക്കണമെന്നും നിർദേശിച്ചു.