ധാക്ക: ബംഗ്ലാദേശിലെ വസ്ത്രനിർമാണ മേഖലയിലുണ്ടായ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ മുൻ ഭരണകക്ഷിയായ അവാമി ലീഗുമായി ബന്ധമുള്ള ഫാക്ടറി ഉടമകളാണെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ്. മുൻ എംപിമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള ചില വ്യവസായികൾ പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം.

ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (BGMEA), ബംഗ്ലാദേശ് നിറ്റ്വെയർ മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (BKMEA) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ ഉപയോഗിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് പുറത്താക്കപ്പെട്ട ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങൾ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. റോഡ് ഉപരോധം, തീവെപ്പ്, അക്രമം തുടങ്ങിയ സംഭവങ്ങൾക്ക് പിന്നിൽ ഇത്തരം സംഘങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദരേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങൾ രൂക്ഷമാക്കുന്നതിനായി ചില ഫാക്ടറി ഉടമകൾ മനഃപൂർവം സ്ഥാപനങ്ങൾ അടച്ചിട്ടതായും മന്ത്രി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫാക്ടറികളുടെ പട്ടിക കൈമാറാൻ വ്യവസായ ഉടമകളുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷത്തിന് പ്രേരണ നൽകുന്ന തൊഴിലാളി സംഘടനകളുടെയും നേതാക്കളുടെയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

അതേസമയം, വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികൾ പ്രതിമാസ മിനിമം വേതനം 12,500 ടാക്കയിൽ നിന്ന് 30,000 ടാക്കയായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. ഭക്ഷണം, താമസം, ഗതാഗതം തുടങ്ങിയവയുടെ ചെലവ് വർധിച്ചതോടെ നിലവിലെ വേതനം ജീവിതച്ചെലവിന് മതിയാകുന്നില്ലെന്നാണ് തൊഴിലാളികളുടെ വാദം.

പ്രതിഷേധങ്ങളും സംഘർഷങ്ങളും വ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലായി 529 ഫാക്ടറികൾ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതോടെ ഏകദേശം 9.87 ലക്ഷം തൊഴിലാളികളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

തൊഴിലാളികളുടെ വേതനപ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ ആറംഗ മിനിമം വേതന ബോർഡ് രൂപീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ബോർഡ് പുതിയ വേതനഘടന സംബന്ധിച്ച് ചർച്ച നടത്തും.

തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വ്യവസായ മേഖലയിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.