കൊച്ചി ചേരാനല്ലൂരിൽ തട്ടുകടയുടമ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ തുടർ നടപടികളും വാദം കേൾക്കലും എറണാകുളം അഡീഷണൽ സെഷൻസ് കോടതി അടച്ചിട്ട മുറിയിലേക്ക് (ഇൻ-ക്യാമറ) മാറ്റി. വാദം കേൾക്കുന്നതിനിടെ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ കോടതിയിൽ രൂക്ഷമായ തർക്കങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന് ജയബാലകൃഷ്ണന്റെ കുടുംബം തടസ്സം നിൽക്കുന്നുവെന്നും പ്രോസിക്യൂഷനെയും കോടതിയെയും അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നുവെന്നും പ്രോസിക്യൂട്ടർ ആരോപിച്ചു. പ്രോസിക്യൂഷന്റെ ഈ ആരോപണം വളരെ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ തങ്ങൾ അന്വേഷണത്തിന് തടസ്സം നിൽക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്നും കേസിന്റെ രേഖകൾ പോലും പ്രോസിക്യൂഷൻ തങ്ങൾക്ക് നൽകുന്നില്ലെന്നുമാണ് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയത്.
തുടർന്ന് പ്രതി 17 വയസ്സുകാരനായതിനാലും കോടതിക്കുള്ളിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റാൻ കോടതി തീരുമാനിച്ചത്. എന്നാൽ ഇതിനെ ശക്തമായി എതിർത്ത കുടുംബം തുറന്ന കോടതിയിൽ തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ 17-കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസാണ് കോടതിയെ സമീപിച്ചത്.
കേസിൽ ജഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തിവരികയാണ്.