ബെയ്ജിങ്: ഗൾഫ് മേഖലയെയും പശ്ചിമേഷ്യയെയും വൻശക്തികൾ തമ്മിലുള്ള മത്സരത്തിന്റെയും സംഘർഷത്തിന്റെയും വേദിയാക്കി മാറ്റരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ അറബ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ചൈന സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി നിലപാട് അറിയിച്ചത്. പ്രശ്നപരിഹാരത്തിന് സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത കപ്പൽഗതാഗതം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നവംബർ ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഒമാൻ സുൽത്താന്റെ ചൈനാ സന്ദർശനം. രാഷ്ട്രീയ വിശ്വാസവും സാമ്പത്തിക സഹകരണവും വർധിപ്പിച്ച് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയായി.