ഗുരുതര ഹൃദയപേശീ തകരാറിനെ തുടർന്ന് ദൈനംദിന ജീവിതം ബുദ്ധിമുട്ടിലായ രോഗിക്കാണ് ഏറ്റവും പുതിയ ശസ്ത്രക്രിയ നടത്തിയത്

കുവൈത്ത് സിറ്റി: ഹൃദയം മാറ്റിവെക്കൽ ചികിത്സാരംഗത്ത് നേട്ടം തുടർന്ന് കുവൈത്ത്. രാജ്യത്ത് നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 18 ആയി. ഹൃദയപേശികളുടെ പ്രവർത്തനം ഗുരുതരമായി തകരാറിലായ രോഗിക്കാണ് ഏറ്റവും പുതിയ ശസ്ത്രക്രിയ നടത്തിയത്.

രോഗാവസ്ഥയെ തുടർന്നുള്ള ലക്ഷണങ്ങൾ രോഗിയുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സങ്കീർണമായ ഹൃദ്രോഗ ചികിത്സകൾ രാജ്യത്തിനകത്തുതന്നെ ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലെ പുതിയ നേട്ടമാണിത്.

കുവൈത്തിലെ ദേശീയ ഹൃദയം മാറ്റിവെക്കൽ പദ്ധതിക്ക് 2019ലാണ് തുടക്കമായത്. അൽഅദാൻ ആശുപത്രിയിലെ സൽമാൻ അൽദബ്ബൂസ് ഹൃദ്രോഗ കേന്ദ്രത്തിലായിരുന്നു രാജ്യത്തെ ആദ്യ സമ്പൂർണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ. പ്രത്യേക പരിശീലനവും വർഷങ്ങളായുള്ള തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് ചികിത്സാപദ്ധതി ആരംഭിച്ചത്.