ന്യൂഡൽഹി: ഇന്ത്യയുടെ ഊർജാവശ്യങ്ങളുടെ ഏകദേശം അഞ്ചുശതമാനം കുവൈത്തിന്റെ എണ്ണ, വാതക കയറ്റുമതിയിലൂടെ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷ്അൽ മുസ്തഫ അൽശമാലി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 65ാം വാർഷികത്തിൽ ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

1961ൽ ആരംഭിച്ച നയതന്ത്രബന്ധം വിവിധ മേഖലകളിലെ പങ്കാളിത്തമായി വളർന്നു. രാഷ്ട്രീയം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വ്യോമയാനം, ഊർജം തുടങ്ങിയ മേഖലകളിലായി നാൽപ്പതോളം കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിലുണ്ട്.

കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ വിവിധ മേഖലകളിൽ കുവൈത്ത് നിക്ഷേപങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇരു രാജ്യങ്ങളിലേക്കുമുള്ള പരസ്പര നിക്ഷേപങ്ങൾ കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയും അംബാസഡർ പങ്കുവച്ചു.

‘കുവൈത്ത് വിഷൻ 2035’, ‘വികസിത് ഭാരത് 2047’ പദ്ധതികൾ സഹകരണത്തിന് പുതിയ സാധ്യതകൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.