തിരുവനന്തപുരം :റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കൃത്യസമയത്ത് ലഭിക്കുന്ന ചികിത്സ നിർണായകമാണ്. ഇതിനായി ആരോഗ്യവകുപ്പ് ‘ഗോൾഡൻ ഗോൾ’ എന്ന സമഗ്ര അടിയന്തര പരിചരണ പദ്ധതിക്ക് തുടക്കമിടുന്നു.

അപകടത്തിൽപ്പെടുന്നവർക്ക് പരിക്കിന്റെ സ്വഭാവവും ഗുരുതരാവസ്ഥയും തിരിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ ആശുപത്രിയിൽ എത്രയും വേഗം ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 108 ആംബുലൻസുകൾക്കൊപ്പം ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിലുള്ള സർക്കാർ ആംബുലൻസുകളെയും ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. തുടർഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെയും ആശുപത്രികളെയും സന്നദ്ധസംഘടനകളെയും ഈ ശൃംഖലയുടെ ഭാഗമാക്കും.

ജി.പി.എസ് ട്രാക്കിങ്, ജി.ഐ.എസ് മാപ്പിങ്, കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം എന്നിവയിലൂടെ അപകടസ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായ ആംബുലൻസ് വേഗത്തിലെത്തിക്കും. ആംബുലൻസിൽ നിന്നുതന്നെ രോഗിയുടെ ആരോഗ്യനിലയും പരിക്കുകളുടെ വിവരങ്ങളും കൺട്രോൾ സെന്ററിലേക്കും ആശുപത്രിയിലേക്കും കൈമാറും. രോഗി എത്തുന്നതിനു മുമ്പുതന്നെ ഡോക്ടർമാർക്കും ട്രോമാ ചികിത്സാ സംഘങ്ങൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനാകും.

സർക്കാർ ആശുപത്രികൾക്കു പുറമേ കാസ്പ്–പി.എം.ജെ.എ.വൈ പദ്ധതികളിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും.

ഇത് കൂടാതെ

അപകടസാഹചര്യങ്ങളിൽ സമയോചിതമായി ഇടപെടുന്ന പൊതുജനങ്ങൾ മുതൽ ആംബുലൻസ് ജീവനക്കാർ, കോൾ സെന്റർ പ്രവർത്തകർ, ഡോക്ടർമാർ, ട്രോമാ ചികിത്സാ സംഘങ്ങൾ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ എന്നിവരെ ആദരിക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നു.

ആരോഗ്യവകുപ്പിനൊപ്പം വിവിധ വകുപ്പുകളെയും ആശുപത്രികളെയും പൊതുജനങ്ങളെയും ഒരേ ശൃംഖലയിൽ കോർത്തിണക്കി ജീവൻ രക്ഷിക്കുന്ന ഒരു ജനകീയ അടിയന്തര പരിചരണ സംവിധാനമാണ് ഒരുങ്ങുന്നത്.