ജീവനക്കാർ ഉടമയുടെയോ നിർമാണച്ചുമതലയുള്ള കമ്പനിയുടെയോ സ്പോൺസർഷിപ്പിലായിരിക്കണം; നിയമലംഘകർക്ക് ജോലിയോ താമസസൗകര്യമോ നൽകരുത്
കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ഷാലെകൾ, കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ കാവൽക്കാരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ താമസാനുമതിയും നിയമപരമായ നിലയും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മതിയായ പരിശോധന നടത്താതെ ആളുകളെ ജോലിക്കെടുക്കുകയോ താമസസൗകര്യം നൽകുകയോ ചെയ്യരുതെന്ന് ഉടമകൾക്കുള്ള ബോധവത്കരണ സന്ദേശത്തിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കാവൽജോലിക്കായി നിയമിക്കുന്ന വ്യക്തി, നിയമപ്രകാരം ബന്ധപ്പെട്ട വസ്തുവിന്റെ ഉടമയുടെയോ നിർമാണപ്രവർത്തനങ്ങളുടെ ചുമതലയുള്ള കമ്പനിയുടെയോ സ്പോൺസർഷിപ്പിലായിരിക്കണം. ജീവനക്കാരന്റെ താമസാനുമതി സാധുവാണെന്നും നിയമനം നിലവിലുള്ള വ്യവസ്ഥകൾക്ക് അനുസൃതമാണെന്നും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി.
നിയമനത്തിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിക്കെതിരെ ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിയതായുള്ള പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം. കോടതി വിധികളോ സുരക്ഷാവിഭാഗത്തിന്റെ നിയന്ത്രണങ്ങളോ നിലവിലില്ലെന്നും ഉറപ്പുവരുത്തണമെന്ന് നിർദേശത്തിൽ പറയുന്നു.
കെട്ടിടങ്ങളുടെയും മറ്റു കേന്ദ്രങ്ങളുടെയും കാവൽച്ചുമതല ഏൽപ്പിക്കുമ്പോൾ തൊഴിലാളിയുടെ രേഖകളും നിയമപരമായ നിലയും പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുത്. താമസ–തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ജോലി നൽകുന്നതും അവരെ താമസിപ്പിക്കുന്നതും നിയമപരമായ ഉത്തരവാദിത്തത്തിന് ഇടയാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ താമസ–തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കാൻ കെട്ടിട ഉടമകളും ഷാലെ, ഫാം, കന്നുകാലി വളർത്തൽ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും ശ്രദ്ധിക്കണം. നിയമനവും താമസസൗകര്യം നൽകുന്നതും ചട്ടങ്ങൾക്ക് വിധേയമാണെന്ന് ഉറപ്പാക്കി നിയമനടപടികൾ ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.