തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറയിൽ കാണാതായ 17 വയസ്സുകാരനായ എം.ഡി. അഭിരാമിന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു.
രാത്രി ഏഴുമണിയോടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടരയോടെ ഫോൺ സ്വിച്ച് ഓഫ് ആവുകയും കുട്ടി തിരിച്ചെത്താതിരിക്കുകയും ചെയ്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിലാണ് പാങ്ങപ്പാറ സംഗീത നഗറിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ദാരുണമായ രീതിയിൽ മൃതദേഹം കണ്ടെത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 17-ഉം 19-ഉം വയസ്സുള്ള രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത ശേഷം പ്രതികൾ അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പ്രണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
സംഭവത്തിൽ പ്രതികളിലൊരാൾ മറ്റൊരു സുഹൃത്തിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നതും പൊലീസ് അന്വേഷണം ശക്തമാക്കുന്നതും.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.