കുവൈത്ത് സിറ്റി: കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കുന്നതിനും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ ഇലക്ട്രോണിക് കയറ്റുമതി സംവിധാനം ആരംഭിച്ചു.
കമ്പനികൾക്കും സംരംഭകർക്കും പുതിയ സംവിധാനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാനും ആവശ്യമായ രേഖകൾ ചേർക്കാനും അപേക്ഷയുടെ പുരോഗതി പരിശോധിക്കാനും കഴിയും. സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള അതോറിറ്റിയുടെ നടപടികളുടെ ഭാഗമായാണ് പദ്ധതി.
അപേക്ഷാ നടപടികൾക്കായി ചെലവാകുന്ന സമയവും അധ്വാനവും കുറയ്ക്കുകയും സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് അതോറിറ്റി വ്യക്തമാക്കി. അപേക്ഷ സമർപ്പിക്കുന്നതുമുതൽ തുടർനടപടികൾ നിരീക്ഷിക്കുന്നതുവരെയുള്ള സൗകര്യങ്ങൾ ഓൺലൈനിൽ ലഭ്യമാകും.