2027ൽ പണത്തിന്റെ ഉപയോഗം കൂടുതൽ കുറയുമെന്ന് ബാങ്കിങ് വൃത്തങ്ങളുടെ വിലയിരുത്തൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിട്ട് പണം പിൻവലിക്കുന്ന ഇടപാടുകൾ കുറയുകയും കാർഡുകളും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളും വഴിയുള്ള പണമടയ്ക്കൽ വർധിക്കുകയും ചെയ്യുന്നു. എടിഎമ്മുകൾക്ക് പുറമേ ബാങ്ക് ശാഖകളിൽനിന്നുള്ള പണം പിൻവലിക്കലിലും കുറവ് അനുഭവപ്പെടുന്നതായി ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കി.

2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ എടിഎം ഇടപാടുകളുടെ എണ്ണം 45.214 ദശലക്ഷമായി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 49.123 ദശലക്ഷമായിരുന്നു. പിൻവലിച്ച പണത്തിന്റെ ആകെ മൂല്യം ഏകദേശം 6.635 ബില്യൺ ദിനാറിൽനിന്ന് 6.22 ബില്യൺ ദിനാറിലേക്കും താഴ്ന്നു.

കാർഡ് ഉപയോഗിച്ചുള്ള പണമടയ്ക്കൽ, സ്പർശനരഹിത ഇടപാടുകൾ, ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനങ്ങളുടെ വ്യാപനം എന്നിവ മാറ്റത്തിന് കാരണമാകുന്നതായാണ് വിലയിരുത്തൽ. സാമ്പത്തിക സുതാര്യത വർധിപ്പിക്കാനും കള്ളപ്പണം വെളുപ്പിക്കൽ തടയാനുമായി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ പണമിടപാട് നിയന്ത്രണങ്ങളും ഇതിനെ സ്വാധീനിക്കുന്നു.

2027ൽ പണത്തെ ആശ്രയിക്കുന്നതിൽ 20 ശതമാനം വരെ കുറവുണ്ടാകാമെന്നാണ് ബാങ്കിങ് വൃത്തങ്ങളുടെ പ്രതീക്ഷ.