കുവൈത്ത് സിറ്റി: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾക്കായി 882 കുവൈത്ത് പൗരന്മാരെ സിവിൽ സർവീസ് കമ്മിഷൻ ശുപാർശ ചെയ്തു. കേന്ദ്രീകൃത തൊഴിൽ രജിസ്‌ട്രേഷൻ സംവിധാനത്തിൽ പേരുചേർത്തവരിൽനിന്നാണ് പുതിയ പട്ടിക തയ്യാറാക്കിയത്.

ആദ്യമായി നിയമനശുപാർശയ്ക്ക് യോഗ്യത നേടിയവർക്കൊപ്പം, നേരത്തേ ശുപാർശ ചെയ്ത സ്ഥാപനങ്ങൾ സ്വീകരിക്കാതിരുന്നവരും സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള മുൻ ശുപാർശ നിരസിച്ചവരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിയമനശുപാർശയ്ക്കുള്ള അംഗീകൃത മുൻഗണനാമാനദണ്ഡങ്ങളും സർക്കാർ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട വിദ്യാഭ്യാസയോഗ്യതകളും തൊഴിൽവിഭാഗങ്ങളും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ആവശ്യകതയ്ക്കനുസരിച്ചാണ് ഉദ്യോഗാർഥികളെ സ്ഥാപനങ്ങളിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

പട്ടികയിൽ ഉൾപ്പെട്ടവർ നവംബർ മൂന്ന് ചൊവ്വാഴ്ചമുതൽ തങ്ങളെ ശുപാർശ ചെയ്ത സർക്കാർ സ്ഥാപനങ്ങളിൽ ഹാജരായി ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കണമെന്ന് കമ്മിഷൻ അറിയിച്ചു.