പൂനെ: നെഞ്ചുവേദനയെ തുടർന്ന് എൻസിപി (ശരദ് ചന്ദ്ര പവാർ) വിഭാഗം അധ്യക്ഷനും മുതിർന്ന രാഷ്ട്രീയ നേതാവുമായ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് 85കാരനായ പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.

ചുമയെ തുടർന്നുണ്ടായ നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് മകളും ബാരാമതി എംപിയുമായ സുപ്രിയ സുലെ അറിയിച്ചു. നിലവിൽ വിവിധ ആരോഗ്യപരിശോധനകൾ നടന്നുവരികയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട എല്ലാ പരിശോധനാ സൂചകങ്ങളും തൃപ്തികരമാണെന്നും സുപ്രിയ സുലെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ശ്വാസമെടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും വേദന അനുഭവപ്പെടുന്ന പ്ലൂറിറ്റിക് പെയിൻ എന്ന അവസ്ഥയാണ് പവാറിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

റൂബി ഹാൾ ക്ലിനിക്കിലെ ചീഫ് കാർഡിയോളജിസ്റ്റും ചെയർമാനുമായ ഡോ. പർവേസ് കെ. ഗ്രാന്റ് പവാറിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ആരോഗ്യപരിശോധനയ്ക്കും തുടർനിരീക്ഷണത്തിനുമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

പവാറിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ആരാധകരും പാർട്ടി പ്രവർത്തകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ സ്ഥിരതയിലാണെന്നുമാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

Image : file