​മുംബൈയിലെ നീതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ പുതുതായി ആരംഭിച്ച 'ദ ലൈബ്രറി' എന്ന വായനശാലയുടെയും കഫേയുടെയും ഉദ്ഘാടനച്ചടങ്ങിൽ എത്തിയ റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിതാ അംബാനിയുടെ ഫാഷൻ ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഫാഷൻ ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്.

ചടങ്ങിൽ അവർ ധരിച്ച ഡ്രാഗൺ ഫ്‌ളൈയുടെ (തുമ്പി) ആകൃതിയിലുള്ള ഒരു ബ്രൂച്ചാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു തുമ്പിയുടെ ആകൃതിയിലുള്ള ചെറിയൊരു ആഭരണം എന്നതിലുപരി, ഒട്ടും ചെറുതല്ലാത്ത ഒരു വലിയ തുകയണ് ഇതിന്റെ വിലയായി വരുന്നത്.

ഒന്നും രണ്ടുമല്ല, ഏകദേശം 12 കോടിയോളം രൂപയാണ് ഈ തുമ്പി ബ്രൂച്ചിന്റെ വിപണിവില.

​തന്റെ 63-ാം ജന്മദിന ആഘോഷങ്ങൾക്ക് തൊട്ടുതലേന്ന് നടന്ന ചടങ്ങിൽ, തികച്ചും ലളിതവും മാന്യവുമായ ബീജ് നിറത്തിലുള്ള സ്യൂട്ടിലാണ് നിതാ അംബാനി എത്തിയത്. ഇതിനൊപ്പം 'സോറിങ് സ്പിരിറ്റ്' (Soaring Spirit) എന്ന് പേരിട്ടിരിക്കുന്ന തുമ്പിയുടെ ആകൃതിയിലുള്ള ഈ പ്രത്യേക ബ്രൂച്ച് അവർ അണിഞ്ഞു.

ലോകത്തെ ഏറ്റവും പ്രശസ്തനായ ജ്വല്ലറി ഡിസൈനർമാരിൽ ഒരാളായ വാലസ് ചാൻ ആണ് ഈ ബ്രൂച്ച് തയ്യാറാക്കിയത്.

ഈ ഒരൊറ്റ ആഭരണം രൂപകല്പന ചെയ്ത് പൂർത്തിയാക്കാൻ മാത്രം 10 വർഷമാണ് അദ്ദേഹം എടുത്തതെന്നതും ഇതിന്റെ പ്രത്യേകതയാണ്.

​ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും സ്വാഭാവിക ഭംഗിയെ അതിസങ്കീർണ്ണമായ രത്‌നക്കല്ലുകളിലൂടെ ആവിഷ്‌കരിക്കുന്നതിൽ വിദഗ്ദ്ധനാണ് വാലസ് ചാൻ. 17.67 കാരറ്റ് സാവോറൈറ്റ് ഗാർനെറ്റ് ആണ് ഈ ബ്രൂച്ചിലെ പ്രധാന ആകർഷണം.

ഇതോടൊപ്പം ഡെമന്റോയിഡ് ഗാർനെറ്റ്, മഞ്ഞയും റോസും നിറങ്ങളിലുള്ള അപൂർവ്വ ഡയമണ്ടുകൾ, വിവിധ രത്‌നങ്ങൾ, പിങ്ക് സഫയറുകൾ എന്നിവയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ആഭരണത്തിന് ഭാരക്കുറവും ഈടും ഉറപ്പാക്കുന്നതിനായി ടൈറ്റാനിയം ആണ് അടിത്തറയായി ഉപയോഗിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം ഈ ഒരൊറ്റ ബ്രൂച്ചിന്റെ മാത്രം മൂല്യം 1.5 ദശലക്ഷം മുതൽ 1.8 ദശലക്ഷം അമേരിക്കൻ ഡോളർ വരെയാണ്.

അതായത് ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 12 കോടി മുതൽ 15 കോടി രൂപ വരെ വരും.

​വിലകൂടിയ ഈ ബ്രൂച്ചിന് തികച്ചും അനുയോജ്യമായ രീതിയിലുള്ള ലളിതമായ ലിനൻ ബീജ് കോട്ടും ഫ്‌ളെയേഡ് പാന്റും ആണ് നിതാ അംബാനി ഈ ചടങ്ങിനായി തിരഞ്ഞെടുത്തത്.

എൽബോ-ലെങ്ത് ബലൂൺ സ്ലീവുകൾ, പഫ്ഡ് ഷോൾഡറുകൾ, നൊച്ച്ഡ് ലാപ്പൽ കോളർ എന്നിവയാണ് ഈ വസ്ത്രത്തിന്റെ പ്രധാന സവിശേഷതകൾ.

ബ്ലേസറിന് ഉള്ളിലായി ലൈറ്റ് റോസ്, ബ്ലഷ് പിങ്ക് നിറത്തിലുള്ള ലേസ് ബ്ലൗസ് എന്നിവയും ഒപ്പം വലിയ ഡയമണ്ട് മോതിരം, ആഡംബര ലതർ സ്ട്രാപ്പ് വാച്ച്, വലിയ ഡയമണ്ട് കമ്മലുകൾ എന്നിവയും അണിഞ്ഞ് വളരെ സ്റ്റൈലിഷായാണ് അവർ ചടങ്ങിൽ തിളങ്ങിയത്.