ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് (LoC) സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സൈനിക പോർട്ടർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട ഇയാളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൗഷേര സെക്ടറിലെ അതിർത്തിയോട് ചേർന്ന മുന്നണി മേഖലയിലാണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ സംഭവം. ലാംഗർ ഗ്രാമവാസിയായ കൃഷ്ണ ലാലാണ് അപകടത്തിൽപ്പെട്ടത്. മുന്നണി മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സ തുടരുകയാണ്.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മുന്നണി മേഖലകളിൽ കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ശക്തമായ മഴയെത്തുടർന്ന് ചില കുഴിബോംബുകൾ സ്ഥാനം മാറി ഒഴുകിപ്പോകാറുണ്ട്. ഇത് അതിർത്തി മേഖലകളിൽ താമസിക്കുന്നവർക്കും അവിടെ ജോലി ചെയ്യുന്നവർക്കും അപകടഭീഷണി സൃഷ്ടിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
അതിർത്തി മേഖലകളിൽ സൈന്യത്തിന് ആവശ്യമായ സഹായങ്ങളും ചരക്കുനീക്കവും നിർവഹിക്കുന്ന സിവിലിയൻ തൊഴിലാളികളാണ് സൈനിക പോർട്ടർമാർ.