കുവൈത്ത് സിറ്റി: മൊബൈൽ നെറ്റ്‌വർക്ക് അനുഭവം വിലയിരുത്തുന്ന ഓപ്പൺസിഗ്നലിന്റെ പുതിയ പഠനത്തിൽ 14 പുരസ്കാരങ്ങൾ സ്വന്തമാക്കി സെയിൻ കുവൈത്ത്. 2026 രണ്ടാം പാദത്തിലെ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ ഒറ്റയ്ക്കും അഞ്ച് വിഭാഗങ്ങളിൽ സംയുക്തമായുമാണ് കമ്പനി നേട്ടം കൈവരിച്ചത്.

ഇന്റർനെറ്റ് വേഗം, സേവനം ലഭിക്കുന്ന പ്രദേശങ്ങളുടെ വ്യാപ്തി, തടസ്സമില്ലാത്ത നിലവാരമുള്ള സേവനം തുടങ്ങിയ പ്രധാന മേഖലകളിൽ സെയിൻ മികവ് പുലർത്തി. ഉപയോക്താക്കളുടെ യഥാർഥ ഉപയോഗാനുഭവങ്ങളിൽനിന്നുള്ള അളവുകളാണ് വിലയിരുത്തലിന് അടിസ്ഥാനമാക്കിയത്.

ഓൺലൈൻ ഗെയിമിങ് അനുഭവം, അഞ്ചാം തലമുറ ശൃംഖലയിലൂടെയുള്ള ഗെയിമിങ്, അഞ്ചാം തലമുറ ശൃംഖലയിലെ വീഡിയോ അനുഭവം തുടങ്ങിയ വിഭാഗങ്ങളിലും കമ്പനിക്ക് പുരസ്കാരങ്ങൾ ലഭിച്ചു. ഫെബ്രുവരി 2026ലെ വിലയിരുത്തലിൽ മുന്നിലെത്തിയ ഒമ്പത് സൂചകങ്ങളിലെ നേട്ടം നിലനിർത്തിയാണ് പുരസ്കാരങ്ങളുടെ എണ്ണം 14 ആക്കിയത്.

കമ്പനി പുറത്തുവിട്ട കണക്കുകൾപ്രകാരം മൊത്തത്തിലുള്ള ശരാശരി ഡൗൺലോഡ് വേഗം 2025 രണ്ടാം പാദത്തിലെ സെക്കൻഡിൽ 85.9 മെഗാബിറ്റിൽനിന്ന് 2026 രണ്ടാം പാദത്തിൽ 130.9 മെഗാബിറ്റായി ഉയർന്നു. ഏകദേശം 53 ശതമാനമാണ് വർധന. ശൃംഖല വികസനത്തിനും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിക്ഷേപങ്ങളുടെ ഫലമാണ് നേട്ടമെന്ന് സെയിൻ വ്യക്തമാക്കി.