മൊഗാദിഷു: വർഷങ്ങൾക്കുമുമ്പ് ലോകത്തെ കടൽവ്യാപാര മേഖലയെ ഭീതിയിലാഴ്ത്തിയ സൊമാലിയൻ കടൽക്കൊള്ളക്കാർ വീണ്ടും ശക്തമായി തിരിച്ചെത്തുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള കപ്പൽ ഗതാഗതത്തിലെ മാറ്റങ്ങളും മുതലെടുത്താണ് കടൽക്കൊള്ളക്കാർ ആക്രമണങ്ങൾ ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. കോടിക്കണക്കിന് ഡോളർ മോചനദ്രവ്യമായി ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങളെന്നും വിലയിരുത്തൽ.

കഴിഞ്ഞ ഏപ്രിൽ 21ന് 'ഹോണർ 25' എന്ന ഡീസൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണം കടൽക്കൊള്ളയുടെ തിരിച്ചുവരവിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. കപ്പലിലെ സെക്കൻഡ് എൻജിനീയറായ സയ്യിദ് ഹുസൈൻ യൂസുഫിന്റെ ക്യാബിനിൽ മുട്ടിവിളിച്ചാണ് കടൽക്കൊള്ളക്കാരുടെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. മിനിറ്റുകൾക്കുള്ളിൽ ആയുധധാരികളായ സംഘം കപ്പലിൽ കയറി ജീവനക്കാരെ നിയന്ത്രണത്തിലാക്കി.

17 ജീവനക്കാരിൽ ഭൂരിഭാഗവും അഞ്ചുമാസത്തോളം കപ്പലിന്റെ ബ്രിഡ്ജിൽ നിയന്ത്രണങ്ങളോടെ കഴിയേണ്ടിവന്നതായാണ് റിപ്പോർട്ട്. ആവശ്യങ്ങൾക്കായി പോലും ജീവനക്കാർക്ക് കടൽക്കൊള്ളക്കാരുടെ അകമ്പടിയില്ലാതെ നീങ്ങാൻ അനുവാദമുണ്ടായിരുന്നില്ല.

തിരിച്ചുവരവിന് പിന്നിൽ പശ്ചിമേഷ്യൻ സംഘർഷം

2010കളിൽ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക കുറ്റകൃത്യശൃംഖലയായി വളർന്ന സൊമാലിയൻ കടൽക്കൊള്ളയെ അന്താരാഷ്ട്ര നാവികസേനകളുടെ ഇടപെടലിലൂടെ വലിയൊരളവിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ സൊമാലിയയിലെ സാമ്പത്തിക പ്രതിസന്ധിയും പുതിയ അവസരങ്ങളും കടൽക്കൊള്ളക്കാരെ വീണ്ടും കടലിലേക്ക് ആകർഷിക്കുകയാണെന്നാണ് വിലയിരുത്തൽ.

ഇറാൻ യുദ്ധത്തെ തുടർന്ന് അമേരിക്കൻ നാവികസേനയുടെ ശ്രദ്ധ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് മാറിയതും സാഹചര്യം കടൽക്കൊള്ളക്കാർക്ക് അനുകൂലമാക്കിയെന്നാണ് റിപ്പോർട്ട്. ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഹൂതി ആക്രമണങ്ങൾ ഭീഷണിയായതോടെ നിരവധി എണ്ണക്കപ്പലുകൾ സൊമാലിയൻ തീരത്തിന് സമീപമുള്ള പാതകളിലേക്ക് മാറിയിട്ടുണ്ട്.

ഇന്ധനവില കുത്തനെ ഉയർന്നതും എണ്ണക്കപ്പലുകളെ കൂടുതൽ ആകർഷകമായ ലക്ഷ്യങ്ങളാക്കി മാറ്റിയിട്ടുണ്ട്. കപ്പലുകളെയും ജീവനക്കാരെയും ബന്ദികളാക്കി വലിയ തുക മോചനദ്രവ്യമായി ആവശ്യപ്പെടുകയാണ് കടൽക്കൊള്ളക്കാരുടെ പ്രധാന ലക്ഷ്യം.

ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമായ ഇന്ത്യൻ മഹാസമുദ്രത്തിലും ഏദൻ ഉൾക്കടലിലും പുതിയ സംഭവവികാസങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കടൽവ്യാപാരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ നിരീക്ഷണവും സുരക്ഷാ നടപടികളും ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്.

കടൽക്കൊള്ളയുടെ തിരിച്ചുവരവ് ആഗോള എണ്ണവിതരണത്തിനും ചരക്കുനീക്കത്തിനും പുതിയ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.