​തമിഴ്‌നാടിനായി സ്വന്തം നിലയിൽ സംസ്ഥാന പതാക രൂപീകരിക്കാൻ സർക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി ആധവ് അർജുനയാണ് നടത്തിയത്.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ട നവംബർ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിക്കുമെന്നും, തമിഴിന് മുൻഗണന നൽകുന്ന തരത്തിൽ സംസ്ഥാനത്തിനായി പ്രത്യേക പതാക കൊണ്ടുവരുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത രാഷ്ട്രീയ എതിർപ്പുകളാണ് ഡി.എം.കെയും ബി.ജെ.പിയും അടക്കമുള്ള പാർട്ടികളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്നത്.

​മദ്രാസ് സംസ്ഥാനത്തിന്റെ പേര് 'തമിഴ്‌നാട്' എന്ന് ഔദ്യോഗികമായി മാറ്റാനുള്ള പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്നാണ് ഡി.എം.കെയുടെ നിലപാട്. അതേസമയം, സംസ്ഥാനത്തിനായി പ്രത്യേക പതാക കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പി ആരോപിച്ചു.

വിഷയത്തിൽ ഇരുപക്ഷവും തമ്മിലുള്ള വാദപ്രതിവാദങ്ങൾ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.