മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത സംഭവത്തിൽ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നും കോടതിയിൽ സത്യവാങ്മൂലം നൽകി. അതേസമയം, ഇന്ത്യ വിടാൻ നിർദേശിച്ചുകൊണ്ടുള്ള വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസ് (FRRO) നോട്ടീസിന്റെ സ്റ്റേ ഹൈക്കോടതി നീട്ടി.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാനെതിരെ നടപടി ഉണ്ടായത്. ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിനിടെ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് ഒക്ടോബർ 14ന് മുംബൈയിലെ വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസ് ഇമ്രാൻ ഖാനോട് ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമയാണ്.
നോട്ടീസ് ചോദ്യം ചെയ്ത് നടൻ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ നോട്ടീസിന്റെ തുടർനടപടികൾ നവംബർ 2 വരെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ത്ന എന്നിവരടങ്ങിയ ബെഞ്ചാണ് നിരുപാധിക മാപ്പും ഭാവിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന ഉറപ്പും ആവശ്യപ്പെട്ടത്.
ഒസിഐ കാർഡ് ഉടമകളെ ഇന്ത്യൻ പൗരന്മാർക്ക് തുല്യമായി പരിഗണിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ഇന്ത്യയിൽ ദീർഘകാലമായി താമസിക്കുന്ന ഒരാൾക്കെതിരെ രാജ്യം വിടാൻ ഉത്തരവിടുന്നതിന് മുമ്പ് വിശദീകരണം നൽകാൻ അവസരം നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇമ്രാൻ ഖാന് വിശദീകരണം നൽകാൻ അവസരം നൽകിയശേഷം മാത്രമേ എഫ്ആർആർഒ അന്തിമ തീരുമാനമെടുക്കാവൂവെന്നും അതുവരെ 'ലീവ് ഇന്ത്യ' നോട്ടീസിന്റെ സ്റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കി. ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
ഇമ്രാൻ ഖാന്റെ ഹർജിയിൽ അന്തിമ തീരുമാനമായിട്ടില്ല. എഫ്ആർആർഒയുടെ തുടർനടപടികൾക്ക് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
Image : India today