തിരുവനന്തപുരം വർക്കല ചെമ്മരുതി തറട്ട കീഴെതൊടി വീട്ടിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഷാജൻ (35) ഭാര്യ സുബിനയെ (30) വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഷാജൻ സുബിനയെ മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. സുബിനയുടെ കഴുത്തിന് ഗുരുതരമായി വെട്ടേറ്റതാണ് മരണകാരണം. ഇവരുടെ ശരീരത്തിൽ ആറോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതിയായ ഷാജൻ തന്നെയാണ് പ്രദേശത്തെ വാർഡ് അംഗത്തെയും അടുത്ത സുഹൃത്തിനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. ഇവർ ഉടൻതന്നെ സ്ഥലത്തെത്തി സുബിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ ഉടൻ അയിരൂർ പൊലീസ് സ്ഥലത്തെത്തി ഷാജനെ കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ച് അയിരൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുബിനയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Image: manorama