പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ പങ്കിടാം; ഗ്രൂപ്പ് അംഗങ്ങൾക്കായി മാത്രം സ്റ്റാറ്റസും

തിരക്കേറിയ ഗ്രൂപ്പുകളിലെ പ്രധാന സന്ദേശങ്ങളും മറുപടികളും എളുപ്പത്തിൽ കണ്ടെത്താൻ നാല് പുതിയ സൗകര്യങ്ങളുമായി വാട്‌സ്ആപ്പ്. സന്ദേശങ്ങൾ സ്ഥിരമായി മുകളിൽ സൂക്ഷിക്കൽ, പുതിയ അംഗങ്ങൾക്ക് സമീപകാല സന്ദേശങ്ങൾ പങ്കിടൽ, ഗ്രൂപ്പുകൾക്കായി പ്രത്യേക സ്റ്റാറ്റസ്, പേരെടുത്തുള്ള പരാമർശങ്ങളും മറുപടികളും കണ്ടെത്താനുള്ള സംവിധാനം എന്നിവയാണ് അവതരിപ്പിച്ചത്.

പ്രധാന സന്ദേശങ്ങൾ മുകളിൽ ഉറപ്പിച്ചുവയ്ക്കുന്ന ‘പിൻ’ സൗകര്യത്തിന് ഇനി സമയപരിധി നിശ്ചയിക്കേണ്ടതില്ല. യോഗസമയം, നിർദേശങ്ങൾ, പ്രധാന ലിങ്കുകൾ തുടങ്ങിയവ ആവശ്യമായ കാലം മുകളിൽ സൂക്ഷിക്കാം.

ഗ്രൂപ്പിൽ ചേർന്ന പുതിയ അംഗത്തിന് സമീപകാല സന്ദേശങ്ങൾ പിന്നീട് അയച്ചുകൊടുക്കാനും കഴിയും. ചാറ്റിൽ അംഗത്തിന്റെ പേരിൽ അമർത്തിയാണ് ഈ സൗകര്യം ഉപയോഗിക്കാനാകുക. പങ്കിടുന്ന സന്ദേശങ്ങൾക്കും തുടക്കംമുതൽ അവസാനംവരെയുള്ള രഹസ്യസംരക്ഷണം തുടരും.

ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രം കാണാവുന്ന സ്റ്റാറ്റസും പങ്കിടാം. അംഗങ്ങൾക്ക് അത് കാണാനും പ്രതികരിക്കാനും സ്വന്തം സ്റ്റാറ്റസ് ചേർക്കാനും കഴിയും. സാധാരണ സ്റ്റാറ്റസ് പോലെ ഇവയും 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും.

പുതിയ ചാറ്റ് ഫിൽട്ടർ ഉപയോഗിച്ച് സ്വന്തം പേര് പരാമർശിച്ചിട്ടുള്ളതോ സ്വന്തം സന്ദേശത്തിന് നേരിട്ട് മറുപടി ലഭിച്ചിട്ടുള്ളതോ ആയ വായിക്കാത്ത ഗ്രൂപ്പ് സംഭാഷണങ്ങൾ കണ്ടെത്താം. എല്ലാവരെയും അഭിസംബോധന ചെയ്യുന്ന @all സന്ദേശങ്ങളും ഇതിൽ ഉൾപ്പെടും.