ന്യൂഡൽഹി: വിമാനടിക്കറ്റ് നിരക്കുകൾ 700 ശതമാനം വരെ വർധിച്ചെന്ന ആരോപണത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം. "വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ്" എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ പരാമർശം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് വിഷയം ഉന്നയിക്കപ്പെട്ടത്. വിമാനടിക്കറ്റ് നിരക്കുകൾ 700 ശതമാനം വരെ ഉയർന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിമാനയാത്ര അനിവാര്യമായ സേവനമാണെന്നും നിരക്കുകളിലെ അമിതവർധന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ, "വിമാനത്തിൽ യാത്ര ചെയ്യേണ്ട" എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ പ്രതികരണം. തുടർന്ന് കോടതി അടുത്ത കേസിലേക്ക് കടന്നു.

ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും വിമാനക്കമ്പനികൾ ആവശ്യകതയ്ക്കനുസരിച്ച് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരെ സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ നേരത്തേ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. വിമാനടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനും അമിതമായ നിരക്ക് വർധന നിയന്ത്രിക്കാനും സ്വതന്ത്ര നിയന്ത്രണ സംവിധാനം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ സാധാരണ നിരക്കിന്റെ രണ്ടുമുതൽ ഏഴിരട്ടി വരെ ടിക്കറ്റ് നിരക്കുകൾ ഉയർന്നതായി പുതിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാനക്കമ്പനികൾ ഇന്ധനച്ചെലവാണ് നിരക്ക് വർധനയ്ക്ക് കാരണമായി പറയുന്നതെങ്കിലും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള നിരക്ക് നിർണയമാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ഹർജിക്കാരന്റെ വാദം.

വിമാനയാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും നിരക്കുകളിലെ അപ്രതീക്ഷിത വർധന നിയന്ത്രിക്കുന്നതിനും കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും ഇടപെടണമെന്നാണ് ആവശ്യം.

വിഷയവുമായി ബന്ധപ്പെട്ട പ്രധാന ഹർജി നവംബർ 16ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.