ഗുരുഗ്രാം: ഗുരുഗ്രാമിലെ ട്രംപ് ടവേഴ്സ് ഡൽഹി എൻസിആർ സമുച്ചയത്തിൽ തനിക്കും കുടുംബത്തിനും ലിഫ്റ്റ്, വാഹനങ്ങൾ, സന്ദർശകർ, അവശ്യസേവനങ്ങൾ എന്നിവയുടെ പ്രവേശനം നിയന്ത്രിച്ച് വീട്ടുതടങ്കലിന് സമാനമായ സാഹചര്യം സൃഷ്ടിച്ചെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ എം3എമ്മിനും കെട്ടിട മാനേജ്മെന്റിനുമെതിരെ താമസക്കാരന്റെ ആരോപണം.

സെക്ടർ 65-ലെ സമുച്ചയത്തിലെ 36സി അപ്പാർട്ട്മെന്റിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന വരുണ്‍ സുഹാഗാണ് എക്സിലൂടെ പരാതി ഉന്നയിച്ചത്. ഹരിയാന മുഖ്യമന്ത്രി, ഹരിയാന പൊലീസ്, ഗുരുഗ്രാം പൊലീസ് എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം ആരോപണങ്ങൾ പങ്കുവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും എം3എം ഉടമ പങ്കജ് ബൻസലിന് അയച്ചതായി പറയുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലിഫ്റ്റ് വിളിക്കാനുള്ള സംവിധാനം പ്രവർത്തനരഹിതമാക്കിയെന്ന് പരാതി

അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് വിളിക്കാനുള്ള ബട്ടൺ പ്രവർത്തനരഹിതമാക്കിയെന്നും ഹെൽപ് ഡെസ്കിൽ അറിയിച്ചാൽ മാത്രമേ ലിഫ്റ്റ് ലഭിക്കൂവെന്നും സുഹാഗ് ആരോപിച്ചു. ലിഫ്റ്റിനായി ചിലപ്പോൾ 30 മുതൽ 40 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 27നാണ് ഫ്ലാറ്റിന്റെ കൈവശാവകാശം ലഭിച്ചതെന്നും ഒക്ടോബർ 30ന് വീട്ടുപകരണങ്ങൾ ഫ്ലാറ്റിലേക്ക് മാറ്റിയെന്നും സുഹാഗ് പറയുന്നു. കെട്ടിടത്തിൽ നിർമാണപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതായും ഇത് താമസക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

സ്വകാര്യ സാധനങ്ങൾ, ഡെലിവറി ജീവനക്കാർ, സർവീസ് ജീവനക്കാർ, അതിഥികൾ, വാഹനങ്ങൾ എന്നിവയുടെ പ്രവേശനവും മാനേജ്മെന്റ് തടഞ്ഞതായി സുഹാഗ് ആരോപിച്ചു. പ്രായമായ അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ഒരു വയസ്സുള്ള കുട്ടി വീട്ടിലുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ ഗുരുതരമായ പ്രശ്നമാകാമെന്നും വ്യക്തമാക്കി.

മാനേജ്മെന്റിന്റെ തീരുമാനമെന്ന് മറുപടിയെന്ന് ആരോപണം

പ്രവേശന നിയന്ത്രണങ്ങളുടെ കാരണം അന്വേഷിച്ച് പലതവണ ഇമെയിൽ അയച്ചിട്ടും മാനേജ്മെന്റിന്റെ തീരുമാനമാണെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് സുഹാഗ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തുടക്കത്തിൽ കെട്ടിടത്തിന്റെ നടത്തിപ്പിലും പ്രവർത്തനങ്ങളിലും എം3എം ഇടപെടില്ലെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് സ്ഥിതി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് നിലപാട്; പ്രതികരിക്കാതെ എം3എം

വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞത്. ഫ്ലാറ്റിൽ അനധികൃതമായി താമസം തുടങ്ങിയെന്നും മെയിന്റനൻസ് തുക അടച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആരോപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ താമസക്കാരനെ ബലമായി ഒഴിപ്പിക്കാനോ ഫ്ലാറ്റിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ നിർദേശം നൽകാനോ പൊലീസിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണങ്ങളിൽ പ്രതികരണം തേടി ഫ്രീ പ്രസ് ജേണൽ എം3എമ്മിനെ സമീപിച്ചെങ്കിലും കമ്പനിയുടെ പോസ്റ്റ്-സെയിൽസ് വിഭാഗം പ്രതികരിക്കാൻ തയ്യാറായില്ല.

അതേസമയം, ഫ്ലാറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കമ്പനിയുടെ വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും നിലപാടുകൾ നിർണായകമാണ്.