സഹോദരനൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ചു. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെയാണ് (35) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീർ ബിർള 13 വർഷം കഠിനതടവിന് ശിക്ഷിച്ചത്.
40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കേസിൻ്റെ പശ്ചാത്തലം
2025 ജനുവരി 24-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.45-ഓടെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന അതിജീവിതയുടെയും സഹോദരന്റെയും അടുത്തേക്ക് ബൈക്കിലെത്തിയ പ്രതി, കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് സ്കൂളിൽ കൊണ്ടുചെന്ന് ആക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു.
തുടർന്ന് അനുജനെ പകുതിവഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ മറ്റൊരു കടയിലേക്ക് കൊണ്ടുപോയി.
ചോക്ലേറ്റ് വാങ്ങി തിരികെവരുന്ന വഴി ഒരിടവഴിയിൽ വാഹനം നിർത്തി പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ വിവരം പുറത്തപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം കുട്ടിയെ തിരികെ സ്കൂളിൽ കൊണ്ടുചെന്ന് വിടുകയും ചെയ്തു.
വീട്ടുകാരുടെ അനുവാദമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വഴക്കുപറയുമെന്ന ഭയവും പ്രതിയുടെ ഭീഷണിയും കാരണം കുട്ടി ഈ വിവരം ആദ്യം ആരോടും പറഞ്ഞിരുന്നില്ല.
വിവര പുറത്തുവരലും അന്വേഷണവും
തുടർന്ന് കുട്ടിയുടെ മാനസികനില തകർന്നത് ശ്രദ്ധയിൽപ്പെട്ട കൂട്ടുകാരി കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കൂട്ടുകാരി വിവരം സ്കൂളിൽ അറിയിച്ചതിനെ തുടർന്ന് അധികൃതർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
തുമ്പ പൊലീസ് ഇൻസ്പെക്ടർ ബിനു ആർ, സബ് ഇൻസ്പെക്ടർ ബിജു ആർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ ബിന്ദു വി.സി, സുരഭി പി എന്നിവർ കോടതിയിൽ ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും 8 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കോടതിയുടെ മറ്റ് ഉത്തരവുകൾ
ചുമത്തിയ 40,000 രൂപ പിഴ ഒടുക്കാത്ത പക്ഷം പ്രതി മൂന്നു വർഷവും ഒൻപത് മാസവും കൂടുതൽ കഠിനതടവ് അനുഭവിക്കണം.
ഈ പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും ചേർത്ത് അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ മറ്റൊരു കേസും ഈ പ്രതിക്കെതിരെ ഇതേ കോടതിയിൽ വിചാരണയിലുണ്ട്.
കൂടാതെ, 12 വയസ്സുള്ള കുട്ടിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച മറ്റൊരു കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടുള്ളതാണ്.
ഈ കേസിന്റെ വിധിപ്പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.