കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ ഹവല്ലിയിൽ കുവൈത്ത് ഫയർ ഫോഴ്സ് പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചില സ്ഥാപനങ്ങൾ ഭരണപരമായി അടപ്പിക്കുകയും ചെയ്തു.

കടകളും മറ്റ് സ്ഥാപനങ്ങളും തീപിടിത്ത പ്രതിരോധ–സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന. ആവശ്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിനെത്തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.

ഫയർ ഫോഴ്സ് ആക്ടിങ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അലി അൽ ഖഹ്താനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. ആക്ടിങ് സിവിൽ പ്രൊട്ടക്ഷൻ ഉപമേധാവി ബ്രിഗേഡിയർ ഉമർ അബ്ദുൽ അസീസ് ബൂർസലിയും ഹവല്ലി അഗ്നിപ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.