തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാറിന്റെ 64-ാമത് ചിത്രമായ 'ഡെയർ ഡെവിൾ' (Dare Devil) ചെന്നൈയിൽ ഔദ്യോഗികമായി പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. 'ഗുഡ് ബാഡ് അഗ്ലി'യുടെ വിജയത്തിന് ശേഷം അജിതും സംവിധായകൻ ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ എന്റർടൈനറാണ് ഈ ചിത്രം. അജിത്തിന്റെ ഭാര്യയും മുൻ നടിയുമായ ശാലിനി അജിത് കുമാർ 'ബ്രേവ്ഹാർട്ട്സ് പ്രൊഡക്ഷൻസിന്റെ' ബാനറിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് മലയാള സിനിമ പ്രേക്ഷകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.
ഗരുഡൻ എന്ന വിജയചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ സുപ്രധാന വേഷത്തിലെത്തുന്ന മറ്റൊരു വലിയ ചിത്രമാണിത്. പ്രമുഖ തെന്നിന്ത്യൻ നായിക ശ്രീലീലയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.
ഇവർക്ക് പുറമെ പാർത്ഥിപൻ, സുനിൽ, റെഡിൻ കിങ്സ്ലി, പ്രഭു, രാധിക, യോഗി ബാബു തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനസംവിധാനം സുപ്രീം സുന്ദറാണ് കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു.
നവംബർ 12-ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന വലിയ ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.
വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്.