ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി മുന്നോട്ടുവെച്ച ആശയങ്ങളും നിർദേശങ്ങളും ഇരുരാജ്യങ്ങളും പരിശോധിച്ചുവരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു. ഇരുപക്ഷവും ചർച്ചകളുടെ പാതയോടുള്ള പ്രതിബദ്ധത തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങൾക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മേഖലയിലെ പങ്കാളികളുമായും അന്താരാഷ്ട്ര സമൂഹവുമായും അടുത്ത ഏകോപനത്തോടെ പ്രതിസന്ധി അവസാനിപ്പിക്കാനാണ് ഖത്തർ പ്രവർത്തിക്കുന്നതെന്ന് അൽ അൻസാരി പറഞ്ഞു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനായി നേതൃതലത്തിലും ഉയർന്നതോതിലുള്ള ഏകോപനം നടക്കുന്നുണ്ട്.

ടെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഖത്തർ പ്രതിനിധിസംഘം ദോഹയിൽ തിരിച്ചെത്തിയതായും അദ്ദേഹം അറിയിച്ചു. നിർദേശങ്ങൾ ഇരുപക്ഷത്തിനുമിടയിൽ കൈമാറിക്കൊണ്ടിരിക്കുകയാണെന്നും വിശ്വാസം വളർത്താനും സമാധാനം ശക്തിപ്പെടുത്താനും കഴിയുന്ന ധാരണയിലെത്തുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

നാവിക ഗതാഗതസ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഖത്തറിന്റേതുൾപ്പെടെയുള്ള കപ്പലുകൾക്കെതിരായ ഭീഷണികൾ അംഗീകരിക്കാനാകില്ലെന്നും അൽ അൻസാരി കൂട്ടിച്ചേർത്തു.