കുവൈത്ത് സിറ്റി: സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ ഭൂമി ഭവനാവശ്യങ്ങൾക്ക് വികസിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയ്ക്കുള്ള പങ്കാളിത്തം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാനുള്ള കരടിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിന് അനുവദിച്ച ഭൂമിയിൽ ഒരു ഭാഗം പൊതുതാൽപര്യപ്രകാരം മറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറാൻ വ്യവസ്ഥ ഒരുക്കുന്നതാണ് നിർദേശം. 1995ലെ 27ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് അമീറിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു.