ലണ്ടൻ: സ്ഥിരതാമസാനുമതിക്കുള്ള പൊതുവായ കാത്തിരിപ്പ് അഞ്ചിൽനിന്ന് പത്തുവർഷമാക്കുന്ന പുതിയ കുടിയേറ്റ സംവിധാനം ബ്രിട്ടീഷ് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യത്തിന് നൽകുന്ന സംഭാവന, നിയമാനുസൃത ജീവിതം, ഭാഷാപരിജ്ഞാനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിക്കുന്ന ‘ഏൺഡ് സെറ്റിൽമെന്റ്’ മാതൃകയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.

പുതിയ സംവിധാനത്തിൽ എല്ലാവർക്കും ഒരേ കാത്തിരിപ്പുകാലമായിരിക്കില്ല. ഏറ്റവും ഉയർന്ന വരുമാനമുള്ളവർക്ക് മൂന്നുവർഷത്തിനുള്ളിൽ സ്ഥിരതാമസത്തിന് അർഹത നേടാനുള്ള വഴിയുണ്ടാകും. പ്രതിവർഷം 50,271 പൗണ്ടിലധികം വരുമാനമുള്ളവർക്കും ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ തുടങ്ങിയ ചില പൊതുസേവന മേഖലകളിലെ ജീവനക്കാർക്കും അഞ്ചുവർഷത്തെ പാത അനുവദിക്കും.

നിശ്ചിത വിസാവ്യവസ്ഥകൾ പാലിക്കുകയും പ്രതിവർഷം കുറഞ്ഞത് 25,000 പൗണ്ട് വരുമാനം നേടുകയും ചെയ്ത കെയർ ജീവനക്കാർക്കും അഞ്ചുവർഷത്തെ അവസരം നൽകുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, സ്ഥിരതാമസ അപേക്ഷകർ കുറ്റകൃത്യങ്ങളില്ലാത്ത പശ്ചാത്തലം, ഉയർന്ന ഇംഗ്ലീഷ് പരിജ്ഞാനം, സർക്കാരിനോടുള്ള കടബാധ്യതകളില്ലായ്മ, തുടർച്ചയായ നാഷണൽ ഇൻഷുറൻസ് സംഭാവന എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണം.

ഇതിനകം സ്ഥിരതാമസ പദവി നേടിയവരുടെ അവകാശങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളുടെ നിലവിലുള്ള പാതകളും തുടരും. പ്രഖ്യാപിച്ച പൊതുവായ പത്തുവർഷ വ്യവസ്ഥയ്ക്കൊപ്പം അപേക്ഷകന്റെ വിഭാഗവും അർഹതകളും അനുസരിച്ചുള്ള ഇളവുകൾ പുതിയ സംവിധാനത്തിന്റെ ഭാഗമാണ്.