കുവൈത്ത് സിറ്റി: അടിയന്തര സാഹചര്യങ്ങളിൽ ജീവൻരക്ഷാ ഇടപെടലുകൾ നടത്താൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി മെഡിക്കൽ വിംഗുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) പരിശീലനം സംഘടിപ്പിക്കുന്നു. ‘ബി എ ലൈഫ്‌സേവർ’ എന്ന പേരിലുള്ള പരിശീലനം നവംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഫർവാനിയയിലെ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ നടക്കും.

സിപിആർ ഉൾപ്പെടെയുള്ള അടിസ്ഥാന ജീവൻരക്ഷാ പരിശീലനം, അടിയന്തര സാഹചര്യങ്ങളിലെ പ്രാഥമിക ഇടപെടലുകൾ, ശ്വാസതടസ്സം നേരിടുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവയാണ് പരിശീലനത്തിലെ പ്രധാന വിഷയങ്ങൾ. വൈദ്യസഹായം ലഭിക്കുന്നതുവരെയുള്ള നിർണായക സമയത്ത് ആത്മവിശ്വാസത്തോടെ ഇടപെടാൻ ആവശ്യമായ അറിവ് പങ്കാളികൾക്ക് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

ജീവൻരക്ഷാ അറിവുകൾ ആരോഗ്യപ്രവർത്തകർക്ക് മാത്രമായി പരിമിതപ്പെടേണ്ടതല്ലെന്നും കുടുംബത്തിലും ജോലിസ്ഥലത്തും പൊതുഇടങ്ങളിലും ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇത്തരം പരിശീലനം സഹായിക്കുമെന്നും സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ bls.kuwaitkmcc.online⁠ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന്റെ പ്രാധാന്യം അംഗങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ച് പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ, മണ്ഡലം, വിംഗ് കമ്മിറ്റികൾ സഹകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.